വോട്ടെണ്ണലിനു തയാർ, കനത്ത സുരക്ഷയിൽ ചെറുതുരുത്തി സ്കൂൾ
1481023
Friday, November 22, 2024 4:55 AM IST
തൃശൂർ: ചേലക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിനു തയാറായ ചെറുതുരുത്തി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിനു കനത്ത സുരക്ഷ.
സ്കൂളിനുചുറ്റും മൂന്നു തട്ടുകളിലായാണ് സുരക്ഷാസേനയെ വിന്യസിപ്പിച്ചിട്ടുള്ളത്. വോട്ടെണ്ണല്കേന്ദ്രത്തിന്റെ നൂറുമീറ്റര്‍ ചുറ്റളവ് കാല്‍നടപ്രദേശമായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. സ്കൂളിൽ സുരക്ഷാ സംവിധാനമടക്കം സജ്ജീകരിച്ചു. വരണാധികാരിയായ സര്‍വേ ഡെപ്യൂട്ടി ഡയറക്ടറും പോലീസ് മേധാവിയും ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട വകുപ്പുമേധാവികളും സ്കൂളിൽ സംയുക്തപരിശോധന നടത്തി.
വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഒരു നിരീക്ഷകനെ തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ചിട്ടുണ്ട്.നാളെ രാവിലെ എട്ടിനു വോട്ടെണ്ണൽ ആരംഭിക്കും.
ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണിത്തുടങ്ങുക. ഇതിനായി നാലു ടേബിളും ഇടിപിബിഎംഎസിന് ഒരു ടേബിളും ഇവിഎം വോട്ടുകള്‍ എണ്ണാൻ 14 ടേബിളും ഉള്‍പ്പെടെ ആകെ 19 ടേബിളുകളാണു തയാറാക്കിയിട്ടുള്ളത്. വോട്ടെണ്ണല്‍ പ്രക്രിയ വീഡിയോഗ്രാഫി ചെയ്യും. വോട്ടെണ്ണലിനു നിയോഗിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും കൗണ്ടിംഗ് എജന്റുമാരും വരണാധികാരി അനുവദിച്ച ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണം.
അത് ഒന്നാംഗേറ്റില് പരിശോധിച്ച് ഉറപ്പാക്കിയശേഷമേ വോട്ടെണ്ണല്‍കേന്ദ്രത്തില്‍ പ്രവേശിക്കാനാകൂ.
വോട്ടെണ്ണല്‍ഫലം മാധ്യമങ്ങള്‍ക്കു നല്കാൻ മീഡിയാ സെന്റര്‍ ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ ഫോണുകളോ വീഡിയോഗ്രാഫിയോ വോട്ടെണ്ണല്‍ ഹാളില്‍ അനുവദിക്കില്ല.
വോട്ടെണ്ണല്‍ ദിനത്തില്‍ ചേലക്കര മണ്ഡലത്തില്‍ ജില്ലാ കളക്ടര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്.
ചെറുതുരുത്തി ഗവ. ഹയര്‍സെക്കൻഡറി
സ്കൂളിനു നാളെ അവധി
തൃശൂർ: ചേലക്കര നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചു വോട്ടെണ്ണല്‍കേന്ദ്രമായ ചെറുതുരുത്തി ഗവ. ഹയര്‍ സെക്കൻഡറി സകൂളിനു നാളെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
കനത്ത സുരക്ഷ ഉറപ്പാക്കാൻ വോട്ടെണ്ണലിനു നേരിട്ടു ബന്ധമുള്ള ഉദ്യോഗസ്ഥര്‍ക്കും വോട്ടെണ്ണലിന് അനുമതി ലഭ്യമായ സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ക്കും തെരഞ്ഞെടുപ്പുകമ്മീഷന്റെ അനുമതിയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും സുരക്ഷാസേനയടക്കമുള്ള പോലീസ് സംവിധാനത്തിനുമല്ലാതെ മറ്റാര്‍ക്കും 23നു വോട്ടെണ്ണല്കേന്ദ്രത്തിലേക്കു പ്രവേശനമുണ്ടാകില്ല.