ശക്തൻ സ്റ്റാൻഡിൽ ട്രാക്കുകൾ അനുവദിച്ചു, ബസ് സമരം പിൻവലിച്ചു
1480611
Wednesday, November 20, 2024 7:11 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ശക്തൻ സ്റ്റാൻഡിന്റെ വടക്കുഭാഗത്തു ബസുകൾ പുറപ്പെടാൻ ട്രാക്ക് അനുവദിച്ചതോടെ ഒരു വിഭാഗം ബസ് തൊഴിലാളികൾ നടത്തിയ പണിമുടക്കുസമരം പിൻവലിച്ചു. ഇന്നു രാവിലെമുതൽ ബസുകൾ സർവീസ് പുനരാരംഭിക്കും.
സ്റ്റാൻഡിന്റെ തെക്കുഭാഗത്തുനിന്ന് പുറപ്പെട്ടിരുന്ന ബസുകൾക്കാണ് വടക്കുഭാഗത്തുനിന്നു പുറപ്പെടുന്ന ബസുകൾക്കൊപ്പം ട്രാക്ക് അനുവദിച്ചത്. സ്റ്റാൻഡ് കെട്ടിടത്തിനകത്ത് ആറു ട്രാക്കുകളും അതിനെതിർവശത്തു പടിഞ്ഞാറുനിന്ന് കിഴക്കോട്ട് 11 ട്രാക്കുകളുമാണ് അനുവദിച്ചത്. ആകെയുണ്ടായിരുന്ന 20 ട്രാക്കുകൾക്കുപുറമെയാണ് 11 ട്രാക്കുകൾ പുതിയതായി അനുവദിച്ചത്. ഇവ സ്റ്റാൻഡിന്റെ തെക്കുഭാഗത്തുനിന്ന് സർവീസ് നടത്തിയിരുന്ന പാലക്കാട്, കൊഴിഞ്ഞാമ്പാറ, ചിറ്റൂർ, തൃപ്രയാർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, മാള, കാട്ടൂർ, വലക്കാവ്, പീച്ചി തുടങ്ങിയ റൂട്ടിലോടുന്ന ബസുകൾക്ക് ഉപയോഗിക്കാം.
ഇന്നലെ രാത്രി തൃശൂർ എസിപിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് ട്രാക്കുകൾ സംബന്ധിച്ച് ധാരണയായത്. കഴിഞ്ഞദിവസം ഉച്ചയോടെ ഒരു വിഭാഗം ബസ് തൊഴിലാളികൾ നടത്തിയ മിന്നൽ പണിമുടക്കുസമരം ഇന്നലെയും തുടർന്നതോടെയാണ് ഉച്ചയ്ക്കു ജില്ലാ കളക്ടർ ചർച്ചയ്ക്കു വിളിച്ചത്. ഇതിൽ വടക്കുഭാഗത്തുതന്നെ ട്രാക്കുകൾ അനുവദിക്കാൻ തീരുമാനമായെങ്കിലും സ്ഥലം സന്ദർശിച്ചു തീരുമാനമെടുക്കാൻ എസിപി എൻ.എസ്. സലീഷ്, എംവിഐ, എഡിഎം പ്രതിനിധി, ട്രാഫിക് എസ്ഐ എന്നിവരെ ചുമതലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥസംഘം സ്റ്റാൻഡ് സന്ദർശിച്ച് വൈകീട്ടോടെ തൊഴിലാളികളെ വീണ്ടും ചർച്ചയ്ക്കുവിളിച്ചാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്.
പുതിയ തീരുമാനപ്രകാരം ബസുകൾ സ്റ്റാൻഡിന്റെ വടക്കുഭാഗത്തേക്കു പ്രവേശിച്ചിരുന്നതിലൂടെയും മാലിന്യ പ്ലാന്റിനു സമീപത്തുകൂടിയുള്ള പുതിയ കവാടത്തിലൂടെയും പുറത്തുകടക്കും. പാലക്കാടു ഭാഗത്തേക്കുള്ള ബസുകൾ ആകാശപ്പാതയ്ക്കു താഴെക്കൂടി ഇക്കണ്ടവാര്യർ റോഡിലൂടെയും ഇരിങ്ങാലക്കുട ഭാഗത്തേക്കുള്ളവ ആകാശപ്പാത വലംവച്ച് ശക്തൻ പ്രതിമവഴി കണ്ണംകുളങ്ങരയിലേക്കും വാടാനപ്പിള്ളി ബസുകൾ മാലിന്യ പ്ലാന്റിനു സമീപത്തുകൂടി കെഎസ്ആർടിസി സ്റ്റാൻഡ് വഴിയും സർവീസ് നടത്തും. ഇത്തരത്തിൽ അഞ്ചു ദിവസം ട്രയൽ റൺ നടത്തി ഉചിതമായ മാറ്റങ്ങൾ കൈക്കൊള്ളും.
പ്രൈവറ്റ് ബസ് തൊഴിലാളി സംഘടനാപ്രതിനിധികള്‍, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികള്‍, പോലീസ്, ആര്‍ടിഒ ഉദ്യോഗസ്ഥര്‍ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.