അഞ്ച് സ്ഥാപനങ്ങൾക്കു പൂട്ടുവീണു
1480944
Thursday, November 21, 2024 8:27 AM IST
തൃശൂർ: ജില്ലയിലെ വിവിധ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷൻ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പൊതുജനാരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ നടത്തിയ പരിശോധനയിൽ വ്യാപകമായ പൊതുജനാരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി. 1220 സ്ഥാപനങ്ങളിൽ നടത്തിയ സംയുക്തപരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ നിയമവിരുദ്ധമായി പ്രവർത്തിച്ച അഞ്ചു സ്ഥാപനങ്ങൾ താത്കാലികമായി അടച്ചുപൂട്ടി. പൊതുജനാരോഗ്യനിയമം 2023 പ്രകാരം 134 സ്ഥാപനങ്ങൾക്കു ന്യൂനതകൾ പരിഹരിക്കുന്നതിനായി നോട്ടീസ് നൽകിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളിൽ പുകവലിച്ച ആളുകളിൽനിന്നും നിയമപ്രകാരമുള്ള ബോർഡുകൾ സ്ഥാപിക്കാത്ത സ്ഥാപനങ്ങളിൽനിന്നുമായി 13,800 രൂപ പിഴ ഈടാക്കി. പഞ്ചായത്ത് രാജ് ആക്ട് ഹരിതനിയമപ്രകാരം നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങളിൽനിന്ന് 87,750 രൂപ പിഴയും ചുമത്തി. ഇതോടൊപ്പം ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന 51 സ്ഥലങ്ങളിൽ പരിശോധന നടത്തി 13 സ്ഥലങ്ങളിൽ ന്യൂനതകൾ പരിഹരിക്കുന്നതിനായി നോട്ടീസ് നൽകി.