കോടികൾ ലാപ്സാക്കി; മേയർ രാജിവയ്ക്കണമെന്നു പ്രതിപക്ഷം
1481028
Friday, November 22, 2024 4:56 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ഓരോ വീടിനും രണ്ടു പന്നികളും ഒരു കൂടും കൊടുത്താൽ മാലിന്യശേഖരണത്തിനും സംസ്കരണത്തിനും തൊഴിലാളികളെ വയ്ക്കേണ്ട ആവശ്യമില്ലെന്ന രൂക്ഷപരിഹാസവുമായി കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ. ഇതിനായി പദ്ധതി പ്രഖ്യാപിക്കണം.
മാലിന്യ സംസ്കരണ പ്ലാന്റുകൾ ഒന്നൊന്നായി പൂട്ടിയ കോർപറേഷനിൽ ഭക്ഷണഅവശിഷ്ടങ്ങൾ സംസ്കരിക്കുന്നതു പന്നിഫാമുകൾവഴിയാണ്. ശക്തനിലും കോലോത്തുംപാടത്തും കുരിയച്ചിറയിലുമടക്കമുള്ള മാലിന്യസംസ്കരണ പ്ലാന്റുകൾ ഭരണസമിതി പൂട്ടി. മാലിന്യസംസ്കരണം അവതാളത്തിലാണ്. എന്നിട്ടും മാലിന്യസംസ്കരണത്തിൽ ഒന്നാംസ്ഥാനം എന്നു പറയുന്നു.
ആരോഗ്യകാര്യത്തിൽ ഭരണസമിതി ഒരു ശുഷ്കാന്തിയും കാണിക്കുന്നില്ലെന്നും ഇതൊന്നും താൻ അല്ല ഓഡിറ്റ് റിപ്പോർട്ടാണ് പറയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മൂന്നു സാന്പത്തികവർഷംകൊണ്ട് 55 കോടി രൂപ പദ്ധതിവിഹിതം ചെലവാക്കാതെ നഷ്ടപ്പെടുത്തി. ഓഡിറ്റ് റിപ്പോർട്ടിൽ സർക്കാരും നിയമസഭയും ശ്രദ്ധചെലുത്തണമെന്നു സൂചിപ്പിക്കാൻ ഇടയാക്കിയത് കോർപറേഷനിലെ അഴിമതികളുടെ നിര കണ്ടാണ്. 2023 മാർച്ച് മാസത്തെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ക്യുആർ കോഡ് പതിച്ച ഗാർഹിക ഗാർഹികേതര സ്ഥാപനങ്ങളിൽനിന്നുമായി മാലിന്യം ശേഖരിച്ചതിലും വൻക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. 68000 ത്തിൽ അധികം വീടുകളും 16000 ത്തിൽ അധികം സ്ഥാപനങ്ങളുമാണ് ക്യുആർ കോഡ് പ്രകാരം മാലിന്യശേഖരണത്തിൽ പങ്കാളികളായത്. എന്നാൽ 12 ശതമാനം വീടുകളിൽനിന്നും 637 സ്ഥാപനങ്ങളിൽനിന്നുംമാത്രമേ മാലിന്യ ശേഖരണം നടക്കുന്നുള്ളൂവെന്നു പറയുന്നു.
ചുരുങ്ങിയകാലം കൊണ്ട് ഇത്രയധികം ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ മേയർ രാജിവയ്ക്കണമെന്നും രാജൻ പല്ലൻ ആവശ്യപ്പെട്ടു.
പഴയ മുനിസിപ്പൽ പരിധിയിലെ ഒന്നുമുതൽ 32 വരെയുള്ള വൈദ്യുത ഗാർഹിക ഉപഭോക്താക്കൾക്ക് ഉയർന്ന നിരക്കും കെഎസ്ഇബി വൈദ്യുതി വിതരണംചെയ്യുന്ന 33 മുതൽ 52 വരെയുള്ള വൈദ്യുത ഗാർഹിക ഉപഭോക്താക്കൾക്കു കുറഞ്ഞ നിരക്കുമാണ് ഈടാക്കുന്നതെന്ന ആരോപണവുമായി യുഡിഎഫ് കൗണ്‍സിലർ ജോണ്‍ ഡാനിയൽ കൗൺസിലിൽ പ്രതിഷേധിച്ചു
ഓഡിറ്റ് റിപ്പോർട്ടിന്റെ പേരിൽ വിമർശനങ്ങൾ ഉയർത്തുന്നതിനു മുൻപ് സ്വയം ഒന്നു വിലയിരുത്തുന്നതു നല്ലതാണെന്നു പ്രതിപക്ഷനേതാവിനു ഡെപ്യൂട്ടി മേയർ എംഎൽ. റോസിയുടെ ഉപദേശം. താനടക്കം ഉണ്ടായിരുന്ന മുൻ യുഡിഎഫ് ഭരണസമിതിയിൽ എന്തൊക്കെ നടന്നിട്ടുണ്ടെന്നും എന്തൊക്കെ നടന്നിട്ടില്ലെന്നും വ്യക്തമായി തനിക്കറിയാം. കുടിവെള്ളവിതരണത്തിന്റെ പേരിൽ വാങ്ങിക്കൂട്ടിയ ലോറികൾ ഇപ്പോൾ എവിടെയാണെന്ന് ആർക്കും ഒരു പിടിയുമില്ല. പ്രഖ്യാപനങ്ങൾമാത്രമാണ് നടന്നിരുന്നത്.
വഖഫ് ഭീകരത ചെറുക്കണം;
പ്ലക്കാർഡുമായി ബിജെപി
പ്ലക്കാർഡുകളുയാണ് ബിജെപി കൗണ്‍സിലർമാർ യോഗത്തിനെത്തിയത്. വഖഫ് ഭീകരതയെ ചെറുക്കുക, പീഡിതർക്ക് ഐക്യദാർഢ്യം, മേയർ രാജിവയ്ക്കണം എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകളുമായാണ് ബിജെപി കൗണ്‍സിലർമാർ വന്നത്.
ഓഡിറ്റ് റിപ്പോർട്ട് ഭരണപരാജയം തുറന്നുകാണിക്കുന്നതാണെന്നും എൽഡിഎഫ് ഭരണസമിതി രാജിവയ്ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഓഡിറ്റ് റിപ്പോർട്ടിൽ നടപ്പാക്കിയ വികസനങ്ങളുടെ മേന്മയല്ല, മറിച്ച് പ്രശ്നങ്ങളാണ് ഏറെയും ചൂണ്ടിക്കാട്ടിയതെന്നും എൽഡിഎഫ് ഭരണത്തിൽ അടിമുടി അഴിമതിയാണെന്നും ബിജെപി പാർലമെന്ററി പാർട്ടി നേതാവും കൗണ്‍സിലറുമായ വിനോദ് പൊള്ളാഞ്ചേരി ആരോപിച്ചു.
കോർപറേഷനു കീഴിൽ നൂറുകണക്കിനു കടമുറികളാണ് ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നത്. ഇതുമൂലം ലക്ഷങ്ങളാണ് നഷ്ടമായത്. ടാഗോർ ഹാളിന്റെ നിർമാണത്തിന് 20 കോടി രൂപ നൽകേണ്ടതിനുപകരം 31 കോടി രൂപയാണ് നൽകിയത്. ഇതും വലിയ അഴിമതിയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനിതാ കൗണ്‍സിലർക്കു
ദേഹാസ്വാസ്ഥ്യം; യോഗം
പിരിച്ചുവിട്ടു
കൗണ്‍സിൽ യോഗത്തിനിടെ വനിതാ കൗണ്‍സിലർക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ കൗണ്‍സിൽ യോഗം പിരിച്ചുവിട്ട് മേയർ. മണ്ണുത്തി ഡിവിഷൻ കൗണ്‍സിലർ രേഷ്മ ഹെമേജിനാണ് ഉച്ചകഴിഞ്ഞു മൂന്നോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻതന്നെ മേയറും സഹകൗണ്സിലർമാരും ചേർന്ന് ഇവരെ സെക്രട്ടറിയുടെ വാഹനത്തിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.