പാചകവിദഗ്ധൻ കണ്ണൻസ്വാമി അന്തരിച്ചു
1480415
Tuesday, November 19, 2024 11:00 PM IST
തൃശൂർ: പ്രശസ്ത പാചകവിദഗ്ധന്‍ വെളപ്പായ കണ്ണന്‍സ്വാമി (51) അന്തരിച്ചു. കരള്‍സംബന്ധമായ രോഗത്തെതുടര്‍ന്നു ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടപ്പുറം വൈദ്യുതിഭവനു സമീപമുള്ള കൃഷ്ണ കാറ്ററിംഗ് സ്ഥാപന ഉടമയാണ്. പഴയനടക്കാവ് പാണ്ടി സമൂഹമഠത്തിനുമുന്പിലെ വെളപ്പായ മഠത്തിലാണു താമസം.
ഭാര്യ: മീന. മക്കള്‍: രാഹുല്‍, രമ്യ. സംസ്കാരം ഇന്നു രാവിലെ ഒന്‍പതിന് എംജി റോഡിലെ ബ്രാഹ്മണസഭ ശ്മശാനത്തിൽ.
തിരുവിതാംകുര്‍ മഹാരാജാവില്നിന്നു പട്ടുംവളയും വാങ്ങിയ മുത്തച്ഛന് വെളപ്പായ കൃഷ്ണയ്യരുടെ പാത പിന്തുടര്‍ന്ന കണ്ണന് വെജിറ്റേറിയൻ രുചിവിഭവങ്ങളുടെ അവസാനവാക്കായിരുന്നു. പാരമ്പര്യമൂല്യങ്ങളും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് പാചകകലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. രുചിപ്പെരുമയിൽ 'പാലട കണ്ണൻ' എന്ന ഓമനപ്പേരിലും അറിയപ്പെട്ടിരുന്നു.
1992 മുതല്‍ പാചകമേഖലയില്‍ കാലുറപ്പിച്ച കണ്ണന്‍സ്വാമി ആധുനികസൗകര്യങ്ങളും സാങ്കേതികവിദ്യകളും ഉള്‍ക്കൊണ്ട് കാറ്ററിംഗ് മേഖലയില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തി. 1994 ല്‍ കൃഷ്ണ കാറ്ററിംഗ് ഒരു ചെറുകിട യൂണിറ്റായി സ്ഥാപിതമായി.
ശുചിത്വവും ഗുണനിലവാരവും കണക്കിലെടുത്ത് 2016ലെ ഇന്റര്‍നാഷണല്‍ ക്വാളിറ്റി മാനേജ്മെന്റ് പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2006, 2008, 2009 വര്‍ഷങ്ങളിലെ സിബിഎസ്ഇ കലോത്സവത്തിനു ഭക്ഷണമൊരുക്കി. വിവിധ ക്ഷേത്രാഘോഷങ്ങള്‍ക്കും ഒല്ലൂര്‍ പള്ളി തിരുനാളിനും ആയിരങ്ങള്‍ക്കു വിഭവങ്ങളൊരുക്കിയിട്ടുണ്ട്.