മലയോര ഹൈവേ നിർമാണത്തിനിടെ കുടിവെള്ളം മുട്ടി
1480926
Thursday, November 21, 2024 8:26 AM IST
കണ്ണാറ: മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കുടിവെള്ള പൈപ്പുകൾ നീക്കംചെയ്തതോടെ പഞ്ചായത്തിന്റെ പലഭാഗത്തും കുടിവെള്ളം കിട്ടാതായി. കണ്ണാറ ഹണി പാർക്ക് റോഡ് വഴി ചീനിക്കടവ് ഭാഗത്തേക്കും പള്ളിക്കണ്ടം മുതൽ ഇടപ്പലം വരെയുള്ള ഭാഗത്തുമാണ് ഇപ്പോൾ കുടിവെള്ളം കിട്ടാതെ ദിവസങ്ങളായി ജനങ്ങൾ വലയുന്നത്. മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കേന്ദ്രപ്പടിയിലും പള്ളിക്കണ്ടത്തുമാണ് വാട്ടർ അഥോറിറ്റിയുടെ പൈപ്പ്ലൈനുകൾ മുറിച്ച് നീക്കംചെയ്തത്. കണ്ണാറ സെന്റർ വരെ പുതിയ പൈപ്പ്ലൈനുകൾ മാറ്റിസ്ഥാപിച്ചെങ്കിലും തുടർന്നുള്ള പണികൾ നിർത്തിവയ്ക്കുകയായിരുന്നുവെന്നു പ്രദേശവാസികൾ പറഞ്ഞു.
എന്നാൽ, മലയോര ഹൈവേ നിർമാണം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും വാട്ടർ അഥോറിറ്റിയുടെ പൈപ്പ്ലൈനുകൾ മാറ്റിസ്ഥാപിക്കാൻ അധികൃതർ തയാറാകാതിരുന്നതാണ് ഇപ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾക്കു പ്രധാനകാരണം.
റോഡിന്റെ പണികൾ ആരംഭിക്കുന്നതിനു മുമ്പുതന്നെ യൂട്ടിലിറ്റികൾ മാറ്റിസ്ഥാപിക്കാനായി വാട്ടർ അഥോറിറ്റിക്ക് 88 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, റോഡിന്റെ പണികൾ അന്തിമഘട്ടത്തിലെത്തിയിട്ടും പലയിടത്തും വാട്ടർ അഥോറിറ്റി ചെയ്യേണ്ട പണികൾ പൂർത്തീകരിച്ചില്ല.
എത്രയുംവേഗം ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഇടപെട്ട് പ്രശ്നത്തിനു പരിഹാരം കാണാൻ സാധിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ മലയോര ഹൈവേ നിർമാണം നടക്കുന്ന പലഭാഗത്തും കുടിവെള്ളം മുടങ്ങുമെന്ന കാര്യത്തിൽ സംശയമില്ല.