അക്കിക്കാവ് - കേച്ചേരി ബൈപാസ് റോഡ് നിർമാണം; സാമൂഹികാഘാതപഠനവും പബ്ലിക് ഹിയറിംഗും
1480930
Thursday, November 21, 2024 8:26 AM IST
എരുമപ്പെട്ടി: അക്കിക്കാവ് - കേച്ചേരി ബൈപാസ് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് സാമൂഹ്യാഘാത പഠനവും പബ്ലിക് ഹിയറിംഗും നടന്നു. കുന്നംകുളം താലൂക്കിലെ അകതിയൂര്‍ വില്ലേജിലെ പദ്ധതിബാധിതരുടെ യോഗം പോര്‍ക്കുളം പഞ്ചായത്ത് ഹാളില്‍ നടന്നു. എ.സി. മൊയ്തീന് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. രാമകൃഷ്ണന് എന്നിവരും ജനപ്രതിനിധികളും പങ്കെടുത്തു.
ചിറമനേങ്ങാട്, എയ്യാല്‍ വില്ലേജിലെ പദ്ധതിബാധിതരുടെ യോഗം കടങ്ങോട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു. എ.സി. മൊയ്തീന് എംഎൽഎ, കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്, മറ്റു ജനപ്രതിനിധികള്‍, കിഫ്ബി ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷര്‍മിള, കെആര്‍എഫ്ബി എൻജിനീയർ ഇ.ഐ. സജിത്, ഭാരത്മാത സ്കൂള്‍ ഓഫ് സോഷ്യല്‍വര്‍ക്ക് അസിസ്റ്റന്റ് പ്രഫ. ഡോ. ആര്യ, അനുബന്ധ ഉദ്യോഗസ്ഥരും പദ്ധതിബാധിതരും പങ്കെടുത്തു.
പദ്ധതിക്കായി കുന്നംകുളം താലൂക്കിലെ അകതിയൂര്‍, ചിറമനേങ്ങാട്, ചിറനെല്ലൂര്‍, എരനെല്ലൂര്‍, എയ്യാല്‍ വില്ലേജുകളിലുള്‍പ്പെട്ട 124 സര്‍വേ നമ്പറുകളില്‍ ഏകദേശം 0.5456 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടിവരുന്നത്. മണലൂര്‍ മണ്ഡലത്തിലെ കേച്ചേരി ജംഗ്ഷനില്‍ നിന്നാരംഭിച്ച് അക്കിക്കാവില്‍ അവസാനിക്കുന്ന 9.88 കിലോമീറ്റർ ദൂരത്തില്‍ 12 മീറ്റര്‍ വീതിയില്‍ ആധുനിക നിലവാരത്തില്‍ ബിഎംബിസി റോഡ് നിര്‍മിക്കുന്നതിനായുള്ള 48 കോടി രൂപയുടെ കിഫ്ബി പദ്ധതിയാണു നടപ്പിലാവുന്നത്. നിലവില്‍ കേച്ചേരി മുതല്‍ പന്നിത്തടംവരെയുള്ള പ്രാഥമിക ടാറിംഗ് പ്രവൃത്തികള്‍ പൂര്‍ത്തീകരണഘട്ടത്തിലാണ്.