കട ഉടമയെ കബളിപ്പിച്ചു പണം കവർന്നു
1480628
Wednesday, November 20, 2024 7:11 AM IST
വടക്കാഞ്ചേരി: കട ഉടമയെ കബളിപ്പിച്ചു പണവും സാധനങ്ങളുമായി മധ്യവയസ്കൻ കടന്നുകളഞ്ഞതായി പരാതി. ഓട്ടുപാറ പരുത്തിപ്ര സ്കൂളിനുമുന്നിലുള്ള രാരീരം സൂപ്പർമാർട്ടിൽനിന്നാണ് പണവും, സാധനങ്ങളുമായി ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്നയാൾ കടന്നുകളഞ്ഞത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. കടയിലെ സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. 2500 രൂപയുടെ സാധനങ്ങൾ വാങ്ങിയശേഷം വാഹനം വിളിച്ചുവരാമെന്ന്പറഞ്ഞ് ഇയാൾ പോകുകയായിരുന്നു. തുടർന്ന് സമീപത്തുള്ള മറ്റൊരു റെഡിമെയ്ഡ് ഷോപ്പിൽ കയറി വസ്ത്രങ്ങൾ ഉൾപ്പടെ ഇതേരീതിയിൽവാങ്ങിവച്ചു.
ശേഷം ഓട്ടോറിക്ഷയുമായി മടങ്ങിയെത്തി കടയിലിരുന്ന ആളോട് ഗൂഗിൾപേവഴി പണം അയയ്ക്കാമെന്നുപറഞ്ഞ് പണമായി 1000 രൂപ ആവശ്യപ്പെടുകയായിരുന്നു. കടയുടമ ഉടൻ പണം നൽകിയപ്പോൾ, ഫോൺ വാഹനത്തിലാണെന്ന് അറിയിച്ച് സാധനങ്ങൾ എടുത്ത് വണ്ടിയിൽ കടന്നുകളയുകയായിരുന്നു.
ഇത്തരത്തിൽ മറ്റു സ്ഥാപനങ്ങളിലും തട്ടിപ്പ് നടന്നതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ആന്വേഷണം ആരംഭിച്ചു.