കോടതിവിഷയങ്ങളിൽ വിദ്യാർഥികളുമായി സംവാദം നടത്തി
1480631
Wednesday, November 20, 2024 7:11 AM IST
ചാവക്കാട്: കുറ്റം ചെയ്യാത്തവരെ ശിക്ഷിക്കുമോ? കൗമാരക്കാരന്റെ ചോദ്യം പോക്സോ ജഡ്ജിയോടാണ്.
ഇല്ല. വ്യക്തമായ തെളിവുകൾ ലഭിച്ച് അത് കോടതിക്ക് ബോധ്യമാകണം. പോക്സോ കോടതി ജഡ്ജി അന്യാസ് തയ്യിൽ വിദ്യാർഥിയുടെ സംശയം തീർത്ത് കൊടുത്തപ്പോൾ മറ്റൊരു വിദ്യാർഥിനിക്ക് കോടതിയുടെ വ്യത്യാ സം അറിയണം മുൻസിഫ് കോടതി, മജിസ്ട്രട്ട് കോടതി അതോക്കെ എന്താ ? അത് വിശദീകരിച്ചപ്പോൾ മൂന്നാമതൊരാൾക്ക് പബ്ലിക് പോസിക്യൂട്ടർ ആരാണനറിയണം.
ഹൈക്കോടതിയുടെ പദ്ധതിയായ സംവാദത്തിന്റെ ഭാഗമായി ചാവക്കാട് എംആർആർഎം ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികളാണ് ചാവക്കാട് കോടതിയിൽ എത്തിയത്. വിദ്യാർഥികൾക്ക് കോടതികളുടെ പ്രവർത്തനവും നിയമവും ബോധവൽക്കരിക്കുന്നതിനു വേണ്ടിയുള്ള പദ്ധതി താലൂക്ക് ലീഗൽ സർവീസ് അഥോറിറ്റിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. കോടതിനടപടികളിൽ വിദ്യാർഥികൾ പങ്കെടുത്തു.
സ്പെഷൽ ജില്ലാ പോക്സോ ജഡ്ജ് അന്യാസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ്് അഡ്വ. അശോകൻ തേർളി അധ്യക്ഷത വഹിച്ചു. മജിസ്ട്രേറ്റ് സാരിഗ സത്യൻ, മുൻസിഫ് ഡോ. അശ്വതി അശോക്, അഡ്വ. അക്തർ അഹമ്മദ്, അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. സുഭാഷ്കുമാർ , അഡ്വ. കെ.ബി. ഹരിദാസ്, വിനോദ് അകമ്പടി എന്നിവർ പ്രസംഗിച്ചു.