വനഭൂമി പട്ടയം; കേന്ദ്രാനുമതിക്കുള്ള നടപടി വേഗത്തിലാക്കും: മന്ത്രി
1480614
Wednesday, November 20, 2024 7:11 AM IST
തൃശൂർ: ജില്ലയിലെ വനഭൂമി പട്ടയവിഷയത്തിൽ അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നു മന്ത്രി കെ. രാജൻ. വനം, റവന്യൂ സംയുക്തപരിശോധനാ റിപ്പോർട്ടും സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി പരിവേഷ് പോർട്ടൽ വഴി കേന്ദ്രത്തിനു സമർപ്പിക്കുന്നതു സമയബന്ധിതമാക്കും. ഓരോ ജില്ലകളിലെയും അപേക്ഷകൾ ഒരുമിച്ചുമാത്രമേ പോർട്ടലിൽ അപ്ലോഡ് ചെയ്യാവൂ എന്ന നിബന്ധന പുനഃപരിശോധിക്കാനുള്ള ഇടപെടൽ നടത്തും.
ഡിസംബറിനുമുന്പ് ശേഷിക്കുന്ന 3542 അപേക്ഷകളും കേന്ദ്രാനുമതിക്ക് അയയ്ക്കാനുള്ള നടപടികൾക്കു സമയക്രമം തയാറാക്കണമെന്നും കളക്ടറേറ്റിൽ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി നിർദേശിച്ചു. 9366 അപേക്ഷകൾ റവന്യൂ വകുപ്പ് കേന്ദ്രസർക്കാരിനു സമർപ്പിച്ചു. അനുമതി ഉറപ്പാക്കിയ 261 അപേക്ഷകളിൽ പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ അടിയന്തരമായി പൂർത്തീകരിക്കാനും മന്ത്രി നിർദേശം നൽകി.
കഴിഞ്ഞവർഷം ഡിസംബർ ഏഴിനു സംസ്ഥാന റവന്യൂ, വനം മന്ത്രിമാർ കേന്ദ്ര വനംമന്ത്രിയുമായി നടത്തിയ ചർച്ചകൾക്കുശേഷമാണ് പുതിയ സംയുക്തപരിശോധനയ്ക്കും പുതിയ സ്ഥലങ്ങൾ കണ്ടെത്തുന്നതിനും തീരുമാനമായത്. കേന്ദ്രാനുമതി ലഭിച്ച അപേക്ഷകളിൽ ഇനിയും രേഖകൾ സമർപ്പിച്ച് പട്ടയം സ്വീകരിക്കാത്തവരുണ്ട്. ഇവരെ കണ്ടെത്തുന്നതിനു നാല് അദാലത്തുകൾ നടത്തി. വിപുലമായ ഒരു അദാലത്തുകൂടി ഡിസംബറിൽ നടത്തും. എംഎൽഎമാരുടെ പട്ടയ ഡാഷ് ബോർഡ് വിഷയങ്ങളും വിവിധ സ്ഥാപനങ്ങളുടെ ഭൂമിസംബന്ധമായ അപേക്ഷളുടെ പുരോഗതിയും യോഗത്തിൽ പരിശോധിച്ചു.
ലാൻഡ് റവന്യൂ കമ്മീഷണർ ഡോ. എ. കൗശിഗൻ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, റവന്യൂ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജെ. മധു, എഡിഎം ടി. മുരളി, സബ് കളക്ടർ അഖിൽ വി. മേനോൻ, ഡപ്യൂട്ടി കളക്ടർ എം.സി. ജ്യോതി, സ്പെഷൽ തഹസിൽദാർ (നന്പർ 1) സി.എസ്. രാജേഷ്, ഭൂരേഖാ തഹസിൽദാർ നിഷ എം. ദാസ്, വനഭൂമി തഹസിൽദാർ നാരായണൻകുട്ടി, തൃശൂർ താലൂക്ക് തഹസിൽദാർ ടി.വി. ജയശ്രീ എന്നിവർ പങ്കെടുത്തു.