പഞ്ചായത്ത് ബസ് സ്റ്റാൻഡ് നിർമാണ കരാറിലെ ക്രമക്കേട് : യുഡിഎഫ് അംഗങ്ങൾ ധർണ നടത്തി
1549682
Tuesday, May 13, 2025 7:06 PM IST
തലയോലപ്പറമ്പ്: പഞ്ചായത്ത് ബസ് സ്റ്റാൻഡ് നിർമാണവുമായി ബന്ധപ്പെട്ട ബിഒടി കരാറിലെ ക്രമക്കേടും പഞ്ചായത്തിനുണ്ടായ വരുമാന നഷ്ടവും പഞ്ചായത്ത് ഭരണസമിതി യോഗം ചർച്ച ചെയ്യണമെന്ന യുഡിഎഫ് അംഗങ്ങളുടെ ആവശ്യം നിരാകരിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങൾ കമ്മിറ്റി ബഹിഷ്കരിച്ചു.
പഞ്ചായത്തിൽ 2022-23 സാമ്പത്തിക വർഷത്തെ സർക്കാർ ഓഡിറ്റ് റിപ്പോർട്ടിൽ ബിഒടി വ്യവസ്ഥയിൽ നിർമാണത്തിലിരിക്കുന്ന ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതി പഞ്ചായത്തിന് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതായി പരാമർശമുണ്ട്. കമ്പനിയുമായുള്ള കരാർ പ്രകാരം നിർമാണം പൂർത്തീകരിച്ചെങ്കിൽ മാത്രമേ പഞ്ചായത്തിന് വരുമാനത്തിന് അർഹതയുള്ളൂ.
എന്നാൽ, നിർമാണം സ്തംഭിച്ച നിലയിലാണ് ഇപ്പോൾ. പഞ്ചായത്തിന് സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്ന ബിഒടി കരാറിൽനിന്നും പിന്മാറി അടിയന്തരമായി ബസ് സ്റ്റാൻഡ് നിർമാണം പൂർത്തീകരിക്കണമെന്നാണ് യുഡിഎഫ് ആവശ്യം.
പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുഡിഎഫ് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണാ സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.കെ. ഷിബു ഉദ്ഘാടനം ചെയ്തു. ദേവരാജൻ അധ്യക്ഷത വഹിച്ചു.
ജോയി കൊച്ചാനാപ്പറമ്പിൽ, ഷിഹാബ് വരുകാല, സജിമോൻ വർഗീസ്, അബ്ദുൾ സത്താർ, ജോസ് വേലിക്കകം, വി.ടി. ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.