വിപണനരംഗത്ത് കർഷകർ നേരിടുന്ന ചൂഷണം ഇല്ലാതാകണം: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
1549505
Tuesday, May 13, 2025 5:02 PM IST
തലനാട്: വിപണനവുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന ചൂഷണത്തിന്റെ തോത് ഇല്ലാതാവുകയും അധ്വാനത്തിന്റെ യഥാർഥ പ്രയോജനം ഉത്പാദകരായ കർഷകർക്ക് ലഭ്യമാവുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവേണ്ടതുണ്ടെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. നബാർഡിന്റെ പിന്തുണയോടെ ഭൂമിക പ്രമോട്ട് ചെയ്യുന്ന തലനാട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കമ്പനി ചെയർപേഴ്സൺ നിഷാ ഡെന്നീസ് അധ്യക്ഷത വഹിച്ചു. കമ്പനി മാനേജിംഗ് ഡയറക്ടർ പി.എസ്. ബാബു ആമുഖപ്രസംഗം നടത്തി. തീക്കോയിയിൽ ആരംഭിച്ച ഓഫീസും കമ്പനി ഔട്ട്ലെറ്റും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.
കമ്പനി ഓഹരി സർട്ടിഫിക്കറ്റുകളുടെ കൈമാറ്റം ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ, തിക്കോയി പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ്, തലനാട് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലിൽ എന്നിവർ നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ അശ്വതി വിജയൻ ആദ്യ വില്പന നിർവഹിച്ചു.