ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കും പഠനം ഉറപ്പാക്കും
1549582
Tuesday, May 13, 2025 5:46 PM IST
കോട്ടയം: ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാന്‍ അധ്യാപകരും ജനപ്രതിനിധികളും കുടുംബശ്രീ അംഗങ്ങളും ലേബര്‍ ക്യാമ്പുകളിലും വാടകവീടുകളിലും സന്ദര്‍ശനം നടത്തും. നിലവില്‍ ജില്ലയില്‍ വിവിധയിടങ്ങളിലായി നാനൂറോളം കുട്ടികൾ വിവിധ ക്ലാസുകളില്‍ പഠനം നടത്തുന്നുണ്ട്.
സംസ്ഥാനത്തൊട്ടാകെ ഇരുപത്തിനാലായിരം ഇതര സംസ്ഥാന കുട്ടികള്‍ പഠനം നടത്തുന്നതായാണ് കണക്ക്. അതേസമയം ജില്ലയിലെ തോട്ടം മേഖലകളില്‍ ഉള്‍പ്പെടെ ഇരുന്നൂറിലേറെ കുട്ടികള്‍ സ്കൂളുകളില്‍ പ്രവേശനം തേടാതെ ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്നാണ് സൂചന. ഇവരില്‍ പലരും സ്വന്തം നാടുകളില്‍നിന്ന് കേരളത്തില്‍ വന്നുപോകുന്നവരുമാണ്. ആശുപത്രികളില്‍ പോകാതെ വീടുകളിലും ക്യാമ്പുകളിലും ജനിച്ച കുട്ടികള്‍ക്ക് ജനന സര്ട്ടിഫിക്കറ്റില്ലെന്നത് ഇത്തരം കുട്ടികളുടെ സ്കൂള്‍ പ്രവേശനത്തിന് പരിമിതിയാണ്.
ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെ രേഖകളും ഇവര്‍ക്കില്ല. ബംഗാള്‍, ആസാം, ഒഡീഷ, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതല്‍ കുട്ടികളും.
മലയാളം അറിയില്ലാത്ത കുട്ടികള്‍ക്ക് പ്രാഥമിക പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നതിലും ഏറെ പരിമിതിയുണ്ട്. ഏതാനും നേപ്പാളി കുട്ടികളും ജില്ലയിലെ സ്കൂളുകളില്‍ പഠനം നടത്തുന്നുണ്ട്.
ആസാമില്‍ നിന്നെത്തി ലയങ്ങളില്‍ താമസിച്ച് തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്നവരുടെ നൂറിലേറെ കുട്ടികള്‍ പുള്ളിക്കാനം, ഏലപ്പാറ, വാഗമണ്‍ പ്രദേശങ്ങളില്‍ സ്കൂളുകളില്‍ പോകുന്നുണ്ട്.
ആസാമി ഭാഷ അറിയാവുന്ന അധ്യാപകരെ ഇവര്‍ക്കായി താത്കാലികമായി നിയമിച്ചിരിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളില്‍ ബാലവേല തടയുകയെന്ന ലക്ഷ്യവും ഈ നീക്കത്തിനു പിന്നിലുണ്ട്.