ടോൾ - ചെമ്മനാകരി റോഡ് ഉദ്ഘാടനം 16ന്
1549490
Saturday, May 10, 2025 7:08 AM IST
വൈക്കം: സംസ്ഥാന ബജറ്റില്‍പ്പെടുത്തി ബിഎം ആൻഡ് ബിസി നിലവാരത്തില്‍ പുനര്‍നിര്‍മിച്ച മറവന്തുരുത്ത് പഞ്ചായത്തിലെ ടോള്‍ - ചെമ്മനാകരി റോഡ് 16ന് നാടിന് സമർപ്പിക്കും.
വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. 2021-22 സംസ്ഥാന ബജറ്റില്‍പ്പെടുത്തി അഞ്ചു കോടി രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്.
റോഡിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മറവന്തുരുത്ത് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണയോഗം സി.കെ. ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.ടി. പ്രതാപന്, പഞ്ചായത്തംഗങ്ങളായ സീമബിനു, ബി. ഷിജു, ബിന്ദു പ്രദീപ്, സി. സുരേഷ്, പോള്‍ തോമസ്, മോഹന്‍ കെ. തോട്ടുപുറം എന്നിവര്‍ പ്രസംഗിച്ചു.
സംഘാടകസമിതി ചെയര്‍മാനായി പഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതിയെയും കണ്‍വീനറായി സെക്രട്ടറി കെ.സുരേഷ് കുമാറിനെയും തെരഞ്ഞെടുത്തു.