എസ്എസ്എല്‍സി ഹാട്രിക് വിജയം: പാലാ വിദ്യാഭ്യാസ ജില്ലയെ അനുമോദിച്ചു
1549501
Tuesday, May 13, 2025 5:02 PM IST
കോട്ടയം: എസ്എസ്എല്‍സി പരീക്ഷയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും നൂറു ശതമാനം വിജയം നേടിയ പാലാ വിദ്യാഭ്യാസ ജില്ലയ്ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ അനുമോദനം. ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടന്ന യോഗത്തില്‍ ഡിഡിഇ ഇന്‍ ചാര്‍ജ് എം.ആര്. സുനിമോള്‍ വിദ്യാഭ്യാസ വകുപ്പിന്റെ വകയായുള്ള മെമന്റോ പാലാ ഡിഇഒ സി. സത്യപാലന് കൈമാറി.
എന്റെ കേരളം പ്രദര്‍ശന-വിപണന മേളയില്‍ മികച്ച സ്റ്റാളായി തെരഞ്ഞെടുക്കപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളില്‍ മികച്ച പ്രകടനം കാഴ്ചവച്ച സ്കൂളുകളെയും ആദരിച്ചു. പനമറ്റം ഗവണ്മെന്റ് എച്ച്എസ്എസ്, നാട്ടകം ഗവണ്മെന്റ് വിഎച്ച്എസ്എസ്, മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂളുകളെയാണ് ആദരിച്ചത്.
ഡിഡിഇ ഇന്‍ ചാര്‍ജ് എം.ആര്. സുനിമോള്‍ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എസ്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ഡിഇഒ റോഷ്ണ അലിക്കുഞ്ഞ്, എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.ജെ. പ്രസാദ്, ഡിഐഇടി പ്രതിനിധി പ്രസാദ്, കൈറ്റ് പ്രതിനിധി ജയശങ്കര്‍, വിഎച്ച്എസ്സി പ്രതിനിധി തോമസ് മാത്യു, എസ്എസ്കെ പ്രതിനിധി ബിനു ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.