മാതൃകയായി കാഞ്ഞിരപ്പള്ളി മേരിക്വീൻസ് ആശുപത്രി ജീവനക്കാർ
1549499
Tuesday, May 13, 2025 5:02 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ആശുപത്രിയിലെ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവുകൾ തങ്ങളുടെ കൊച്ചുകൊച്ച് ആഗ്രഹങ്ങൾ മാറ്റിവച്ച് ആശുപത്രിയിലെത്തുന്ന ഡയാലിസിസ് രോഗികൾക്കായി നാലു മാസം കൊണ്ട് സമാഹരിച്ചത് ഏഴായിരത്തോളം രൂപ.
യാതൊരുവിധ പിരിവുകളും നടത്താതെ ഡ്യൂട്ടിക്കിടയിൽ പതിവുള്ള ചായയുടെയും കാപ്പിയുടെയും എണ്ണം കുറച്ചും ഇഷ്ടപ്പെട്ട മധുരപലഹാരങ്ങൾ വേണ്ടെന്നുവച്ചും തങ്ങൾ സമാഹരിച്ച തുകയാണ് അവർ ഒരു കുടുക്കയിൽ സൂക്ഷിച്ചത്. ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്ന കാര്യം ആശുപത്രിയിലെ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സിഎംഐയെ മാത്രം മുൻകൂർ അറിയിച്ചിരുന്നു.
അനുമതി നേടിയതിനൊപ്പം അച്ചൻ സമ്മാനമായി നൽകിയ മൺകുടുക്കയിൽ നിക്ഷേപം ആരംഭിക്കുകയും ചെയ്തു. നിശബ്ദമായി മുന്നോട്ടു പോയി നാലു മാസങ്ങൾ കഴിഞ്ഞപ്പോൾ നിറഞ്ഞു തുളുമ്പിയ മൺകുടുക്കയുമായി ഇന്നലെ രാവിലെ ആശുപത്രിയുടെ പബ്ലിക് റിലേഷൻസ് ഓഫീസിലെത്തി തങ്ങളുടെ ആഗ്രഹം അറിയിച്ചപ്പോഴാണ് ആശുപത്രിയിലെ മറ്റു ജീവനക്കാർ ഈ കാര്യം അറിഞ്ഞത്.
ദേശീയ റിസപ്ഷനിസ്റ്റ് ദിനമായ ഇന്നുതന്നെ പണം ആശുപത്രിയുടെ ഡയാലിസിസ് സഹായ നിധിയിലേക്ക് കൈമാറുമെന്നും തങ്ങളുടെ ആഗ്രഹം പൂർത്തീകരിക്കാൻ സാധിച്ചുവെന്നതിൽ അഭിമാനിക്കുന്നുവെന്നും ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്നും ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് ഇൻചാർജ് ശരണ്യ സുരേഷ് പറഞ്ഞു. പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ച ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവുകളായ അലീന, സുലു, ജോളി, ജിൻസു, നീതു, ടീന, ക്രിസ്റ്റി, ശില്പ എന്നിവരെ ആശുപത്രി അധികൃതർ അഭിനന്ദിച്ചു.