അനുമതിയില്ലാതെ റൗണ്ടാന; പൊല്ലാപ്പായി
1549493
Saturday, May 10, 2025 7:08 AM IST
പാലാ: നേരം ഇരുട്ടി വെളുത്തപ്പോള്‍ ടൗണില്‍ സിവില്‍ സ്റ്റേഷന് ജംഗ്ഷനില്‍ ഒരു റൗണ്ടാന. സിമന്റ് ഇഷ്ടിക ഉപയോഗിച്ചുള്ള റൗണ്ടാന രാത്രിയില്‍ ഒരു സംഘം പൊതുപ്രവര്‍ത്തകരാണ് ഉണ്ടാക്കിയത്. സദുദ്ദേശ്യത്തോടെയാണ് താത്കാലിക റൗണ്ടാന സ്ഥാപിച്ചതെങ്കിലും നേരം പുലര്‍ന്നതോടെ വാഹന ഗതാഗതം താറുമാറായി.
അധികൃതരുടെ അനുമതി ഇല്ലാതെ സ്ഥാപിച്ച റൗണ്ടാന ചില്ലറ പണിയൊന്നുമല്ല പോലീസിന് ഉണ്ടാക്കിയത്. പുലര്‍ച്ചെ മുതല്‍ പോലീസുംസമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ഏറെ പണിപ്പെട്ടിട്ടും ഈ ഭാഗത്ത് ഗതാഗതം നിയന്ത്രിക്കാനായില്ല. ഗതാഗത തടസത്തെത്തുടര്‍ന്ന് പ്രതിഷേധം രൂക്ഷമായതോടെ നഗരസഭയും പോലീസും ഇടപെട്ട് സിമന്റ് ഇഷ്ടിക മാറ്റുകയായിരുന്നു.
അനുമതിയില്ലാതെ റൗണ്ടാന സ്ഥാപിച്ച പൊതുപ്രവര്‍ത്തകരുടെ പ്രവൃത്തിയില്‍ നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.