മാലിന്യത്തെ അകലെ നിര്‍ത്തി അകലക്കുന്നം പഞ്ചായത്ത്
1549677
Tuesday, May 13, 2025 7:06 PM IST
അകലക്കുന്നം: മാലിന്യനിര്‍മാര്‍ജന രംഗത്ത് ജില്ലയില്‍ മുന്‍പന്തിയിലാണ് അകലക്കുന്നം. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രത്യേക അനുമോദനവും സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്ത നവകേരളം ജില്ലാതല അവാര്‍ഡും അകലക്കുന്നം കരസ്ഥമാക്കി.
‘ശുചിത്വ ഭവനം സുന്ദര ഭവനം’ എന്ന പദ്ധതിയിലൂടെ വ്യക്തികളെയും കുടുംബങ്ങളെയും മാലിന്യനിര്‍മാര്‍ജന രംഗത്തേക്ക് കടന്നുവരാന്‍ പ്രോത്സാഹിപ്പിക്കുകയാണ് അകലക്കുന്നം പഞ്ചായത്ത്. ശുചിത്വഭവനം, സംസ്ഥാന തലത്തിലെ മികച്ച വിവരവിജ്ഞാന മാതൃകാ പ്രവര്‍ത്തനം എന്നിവയെക്കുറിച്ചുള്ള അവതരണങ്ങള്‍ക്ക് തിരുവനന്തപുരത്ത് നടന്ന ‘വൃത്തി -2025’ ക്ലീന്‍ കേരള കോണ്‍ക്ലേവിലും പഞ്ചായത്തിന് പുരസ്കാരം ലഭിച്ചു.
പദ്ധതിയിലൂടെ പഞ്ചായത്തിലെ 4,929 കുടുംബങ്ങളെ സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട ഒന്നാംഘട്ട സര്‍വേ സംഘം ശരിയായ മാലിന്യ നിര്‍മാര്‍ജനത്തിന്റെ ആവശ്യകതയെപ്പറ്റി ബോധവാന്മാരാക്കുകയും മാലിന്യ സംസ്കരണത്തെ സംബന്ധിച്ചുള്ള ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ വീടുകളെ വിലയിരുത്തുകയും ചെയ്തു.
ചോദ്യാവലിക്ക് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഓരോ വാര്‍ഡില്‍നിന്നും 10മുതല്‍ 15 വരെ വീടുകളെ തെരഞ്ഞെടുത്തു. ഇവയില്‍നിന്ന് വാര്‍ഡ് തലത്തില്‍ മികച്ച കുടുംബത്തിനുള്ള ഒന്ന്, രണ്ട്, മൂന്ന് എന്നീ സ്ഥാനങ്ങള്‍ രണ്ടാംഘട്ട സര്‍വേ സംഘം തെരഞ്ഞെടുക്കുകയും സീറോ വേസ്റ്റ് ദിനത്തില്‍ മെമന്റോയും പ്രശംസാപത്രവും വിതരണം ചെയ്യുകയും ചെയ്തു.