ഇന്‍ഫന്റ് ജീസസ് മൈനര്‍ സെമിനാരി സുവര്‍ണ ജൂബിലി നിറവില്‍
1549291
Saturday, May 10, 2025 12:15 AM IST
കോട്ടയം: വിജയപുരം രൂപതയുടെ വൈദികപരിശീലന കേന്ദ്രമായ കോട്ടയം കീഴുക്കുന്ന് ഇന്‍ഫന്റ് ജീസസ് മൈനര്‍ സെമിനാരി സ്ഥാപിതമായിട്ട് 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ നാളെയും 12നുമായി നടത്തും. നാളെ രാവിലെ 10ന് രൂപതാ വൈദികര്‍, വൈദികവിദ്യാര്‍ഥികള്‍, വൈദികരുടെയും സന്യസ്തരുടെയും മാതാപിതാക്കള്‍ എന്നിവരുടെ സംഗമം വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഹാളില്‍(അമലനിലയം) നടക്കും. തുടര്‍ന്ന് 11.30ന് ആലപ്പുഴ രൂപതാ ബിഷപ് ഡോ.ജെയിംസ് ആനാപറമ്പില്‍ മുഖ്യ കാര്‍മികനായി ഇന്‍ഫന്റ് ജീസസ് സെമിനാരിയില്‍ സമൂഹബലി അര്‍പ്പിക്കും.
നാലിന് ഇന്‍ഫന്റ് ജീസസ് മൈനര്‍ സെമിനാരിയില്‍നിന്ന് വിമലഗിരി കത്തീഡ്രലിലേക്ക് ദിവ്യകാരുണ്യ പ്രദക്ഷിണം. കോട്ടയം, പട്ടിത്താനം, മൂവാറ്റുപുഴ, മുണ്ടക്കയം, തിരുവല്ല മേഖലകളില്‍നിന്നുള്ള വിശ്വാസികള്‍, ലിജിയണ് ഓഫ് മേരി, ചെറുപുഷ്പ മിഷന് ലീഗ് തുടങ്ങിയ സംഘടനകളിലെ അംഗങ്ങള്‍, ഈ വര്‍ഷം പ്രഥമ ദിവ്യകാരുണ്യവും സ്ഥൈര്യലേപനവും സ്വീകരിച്ച കുട്ടികള്‍ തുടങ്ങിയവര്‍ പ്രദക്ഷിണത്തില്‍ പങ്കെടുക്കും.
ദിവ്യകാരുണ്യ പ്രദക്ഷിണം കത്തീഡ്രലില്‍ എത്തിയതിനു ശേഷം സ്പെയിനിലെ വിറ്റോറിയ രൂപതയുടെ ബിഷപ് ഡോ. യുവാന്‍ കാര്‍ലോസിന്റെ നേതൃത്വത്തില്‍ ദിവ്യകാരുണ്യ ആശീര്‍വാദം. തുടര്‍ന്ന് മുന്‍ റെക്ടര്‍മാര്‍, വൈസ് റെക്ടര്‍മാര്‍, ആധ്യാത്മിക ഉപദേഷ്ടാക്കള്‍, അധ്യാപകര്‍ എന്നിവരെ ആദരിക്കും. തുടര്‍ന്നു സെമിനാരി വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.
12നു രാവിലെ 11ന് വിമലഗിരി കത്തീഡ്രലില്‍ വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ മുഖ്യകാർമികത്വം വഹിക്കുന്ന കൃതജ്ഞതാ സമൂഹബലിയില്‍ ബിഷപ് ഡോ. ജസ്റ്റിന് മഠത്തില്‍പ്പറമ്പില്‍, ബിഷപ് ഡോ. യുവാന്‍ കാര്‍ലോസ് എന്നിവരും രൂപതയിലെ വൈദികരും സഹകാര്‍മികരായിരിക്കും. സ്നേഹവിരുന്നോടെ ആഘോഷങ്ങള്‍ സമാപിക്കും.