ഈഡിസ് കൊതുക് പെരുകി; ഡെങ്കിപ്പനി പടരുന്നു
1549584
Tuesday, May 13, 2025 5:46 PM IST
കോട്ടയം: കാലംതെറ്റിയ വേനല്‍മഴയിൽ പെരുകിയ കൊതുക് ഡെങ്കി പരത്തുന്നു. മലയോര തോട്ടംമേഖലയില്‍ വിവിധയിടങ്ങളായി അന്‍പതോളം പേര്‍ക്ക് ഡെങ്കി ബാധിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നിര്‍ദേശം നല്കി. ഡെങ്കി, സിക, മഞ്ഞപ്പനി, ചികുന്‍ഗുനിയ തുടങ്ങിയ വൈറസുകളെല്ലാം പരത്തുന്നത് ഈഡിസ് കൊതുകുകളാണ്.
റബര്‍ തോട്ടങ്ങളില്‍ ലാറ്റക്സ് ശേഖരിക്കുന്ന ചിരട്ടകളിലും പാത്രങ്ങളിലും കൊക്കോ തോടുകളിലും വെള്ളക്കെട്ടുകളിലും ഈഡിസ് കൊതുക് വലിയ തോതില്‍ പെരുകിയിട്ടുണ്ട്. വാട്ടര്‍ ടാങ്ക്, ചെടിച്ചട്ടി, വീപ്പ തുടങ്ങിയവയില്‍ വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്.
ജലാംശം കൂടുതലുള്ള ചാണകക്കുഴികളിലും കൊതുകു പെരുകാന്‍ സാധ്യതയുണ്ട്. കോവിഡിനുശേഷം ചിലരില്‍ ഡെങ്കി മാരകമാകുന്ന സാഹചര്യമുണ്ട്.
രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറഞ്ഞ് ആന്തരിക രക്തസ്രാവത്തിലേക്കു നീങ്ങുമെന്നതിനാല്‍ ഡെങ്കി നിസാരമല്ല. ശരീരത്തില്‍ ചുവന്ന പാടുകളുണ്ടാകുന്നതു പ്ലേറ്റ്ലെറ്റ് കുറയുന്നതിന്റെ സൂചനയാണ്. ഈഡിസ് കൊതുകിന്റെ കടിയേറ്റ് മൂന്നാഴ്ചയ്ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങും.
കടുത്ത പനിയും നടുവേദനയുമാണു പ്രധാന ലക്ഷണം. ചിലരില്‍ ഛര്‍ദിയും വയറുവേദനയുമുണ്ടാകും. രണ്ടാം തവണയും ഡെങ്കി ബാധിക്കുന്ന സാഹചര്യത്തില്‍ വിദഗ്ധ ചികിത്സ ആവശ്യമായി വരും.
കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി പകരുകയുള്ളൂ. ഇവയുടെ സഞ്ചാരദൂരം ചെറുതായതിനാല്‍ വീടും പരിസരവും കൊതുക് മുക്തമാക്കണം.