തെരുവുനായ ശല്യത്തിനെതിരേ പാലായില്‍ ബൗ ബൗ സമരം
1549507
Tuesday, May 13, 2025 5:02 PM IST
പാലാ: നഗരത്തിലെ തെരുവുനായ ശല്യം നേരിടാന്‍ നഗര ഭരണാധികാരികള്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പാലായില്‍ വ്യത്യസ്തവും ശ്രദ്ധേയവുമായ സമര പരിപാടി. പൗരാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നഗരസഭയ്ക്കു മുമ്പില്‍ ബൗ ബൗ സമരമാണ് നടത്തിയത്.
ഇന്നു രാവിലെ മുനിസിപ്പല്‍ ഓഫീസ് പടിക്കല്‍ പൗരാവകാശ സംരക്ഷണ സമിതി പ്രവര്‍ത്തകരെത്തി നായ കുരയ്ക്കുന്നതുപോലെ ഒച്ചയിട്ടായിരുന്നു ബൗ ബൗ സമരം.
നഗരസഭാ പ്രതിപക്ഷ നേതാവ് പ്രഫ. സതീഷ് ചൊള്ളാനി ദ്ഘാടനം ചെയ്തു. പൗരാവകാശ സംരക്ഷണ സമിതി പ്രസിഡന്റ് അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് അധ്യക്ഷത വഹിച്ചു. വളരെ ഗൗരവമുള്ള ഈ വിഷയത്തിന്റെ പ്രാധാന്യം മനസിലാക്കി അടിയന്തര കൗണ്‍സില്‍ വിളിച്ചുകൂട്ടണമെന്നും പൗരാവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അടുത്ത സമരത്തിൽ തെരുവുനായ്ക്കളെ മുനിസിപ്പല്‍ ഓഫീസിലേക്ക് ഓടിച്ചുകയറ്റുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
മൈക്കിള്‍ കാവുകാട്ട്, ജോസ് വേരനാനി, സാബു ഏബ്രഹാം, പ്രഫ. സണ്ണി സഖറിയാസ്, എം.പി. കൃഷ്ണന്‍നായര്‍, കെ.ആര്. മുരളീധരന്‍നായര്‍, ജോര്‍ജുകുട്ടി ചെമ്പകശേരി, തോമസുകുട്ടി നെച്ചിക്കാട്ട് തുടങ്ങിയവർ സമരത്തില്‍ പങ്കെടുത്തു.