കാഞ്ഞിരപ്പള്ളി രൂപതാദിനം: ജൂബിലിദീപം അണക്കരയിൽ
1549318
Saturday, May 10, 2025 12:15 AM IST
കാഞ്ഞിരപ്പള്ളി: നാല്പത്തിയെട്ടാമത് രൂപതാദിന വേദിയായ അണക്കര സെന്റ് തോമസ് ഫൊറോന പള്ളിയിൽ ജൂബിലിദീപം സ്വീകരിച്ചു. നാല്പത്തിയേഴാമത് രൂപതാദിന വേദിയായിരുന്ന എരുമേലി ഫൊറോനയിൽ നിന്ന് ഈ വർഷത്തെ രൂപതാദിന ആതിഥേയരായ അണക്കര ഫൊറോന ഏറ്റുവാങ്ങിയ ജൂബിലിദീപം ഫൊറോനയിലെ 11 ഇടവകകളിലും പ്രാർഥനാദിനങ്ങൾ പൂർത്തിയാക്കിയാണ് അണക്കര ഫൊറോന പള്ളിയിൽ എത്തിച്ചേർന്നത്.
രൂപതാദിനത്തോടനുബന്ധിച്ച് നാളെ വിശുദ്ധ കുർബാനയ്ക്ക് ശേഷം രൂപതയിലെ എല്ലാ പള്ളികളിലും രൂപതാദിന പതാക ഉയർത്തുകയും ദൈവജനം ഒന്നുചേർന്ന് ജൂബിലി ആന്തം ആലപിക്കുകയും ചെയ്യും.
12ന് നടത്തപ്പെടുന്ന രൂപതാദിനത്തിനൊരുക്കമായ അണക്കര ഫൊറോന നേതൃസംഗമം നാളെ അണക്കര ഫൊറോന പള്ളിയിൽ നടക്കും. രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കലിന്റെ കാർമികത്വത്തിൽ രാവിലെ ഒന്പതിന് വിശുദ്ധ കുർബാന അർപ്പിക്കും.
അണക്കര ഫൊറോനയിലെ ഇടവകകളിൽ നിന്നുള്ള പാരിഷ് കൗൺസിൽ അംഗങ്ങൾ, കുടുംബകൂട്ടായ്മ ലീഡേഴ്സ്, വിശ്വാസജീവിത പരിശീലകർ, സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കുന്ന സമ്മേളനം ഫാ. ജിസൺ പോൾ വേങ്ങശേരി നയിക്കും.