കെപിസിസിക്കു പിന്നാലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളിലും പുനഃസംഘടന ഉടന്‍
1549583
Tuesday, May 13, 2025 5:46 PM IST
കോട്ടയം: പുതിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ പുതിയ ടീം നിലവില്‍ വന്നതോടെ കെപിസിസിക്കു പിന്നാലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളിലും പുനഃസംഘടന ഉടന്‍. പുനഃസംഘടനയുടെ ചര്‍ച്ചകള്‍ക്കായി പുതിയ കെപിസിസി നേതൃത്വം ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു.
പുനഃസംഘടനാ പ്രവര്‍ത്തനങ്ങളുടെ ചര്‍ച്ചകള്‍ ആരംഭിച്ചതോടെ ജില്ലയില്‍ ഡിസിസി നേതൃത്വം പിടിക്കാന്‍ നീക്കം ശക്തമായി. സംസ്ഥാന തലത്തില്‍ അഞ്ചു ഡിസിസി പ്രസിഡന്റുമാരെ മാറ്റാന്‍ കെപിസിസി തലത്തില്‍ ധാരണയായതില്‍ കോട്ടയവുമുണ്ട്.
കോട്ടയത്തെ ഡിസിസി പ്രസിഡന്റിനെ മാറ്റുവാന്‍ തത്വത്തില്‍ ധാരണയായതോടെ അധ്യക്ഷ പദവിയിലേക്കുള്ള ചരടുവലികള്‍ ശക്തമായിരിക്കുകയാണ്. എ ഗ്രൂപ്പിനും ഉമ്മന്‍ ചാണ്ടിക്കും സര്‍വാധിപത്യമുണ്ടായിരുന്ന ജില്ലയില്‍ ഇപ്പോള്‍ എ ഗ്രൂപ്പ് പല തട്ടിലാണ്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേതൃത്വം നല്കുന്ന ഒരു വിഭാഗം, ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ മറ്റൊരു വിഭാഗം, പിന്നെ ഒറിജിനല്‍ എ ഗ്രൂപ്പെന്ന നിലയില്‍ കെ.സി. ജോസഫ് നേതൃത്വം നല്കുന്ന വിഭാഗവും. എ വിഭാഗത്തെ ഈ ഗ്രൂപ്പുകളിലെ നേതാക്കന്മാരെല്ലാം കെ.സി. വേണുഗോപാലിനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും പിന്തുണയ്ക്കുന്നവരുമാണ്.
നിലവിലെ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എ ഗ്രൂപ്പിന്റെ പേരിലാണ് ഡിസിസി പ്രസിഡന്റായതെങ്കിലും ഇപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനൊപ്പമാണ്. പ്രസിഡന്റുസ്ഥാനം നിലനിര്‍ത്താനായി നാട്ടകം സുരേഷ് ശ്രമം നടത്തുന്നുമുണ്ട്. ചാണ്ടി ഉമ്മന്റെ നേതൃത്വത്തില്‍ ഒരുപറ്റം നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയുടെ എ ഗ്രൂപ്പ് എന്ന നിലയിലും പ്രവര്‍ത്തിക്കുന്നുണ്ട്.
ക്രൈസ്തവ വിഭാഗത്തിനു നിര്‍ണായക ശക്തിയുള്ള ജില്ലയില്‍ ഈ വിഭാഗത്തില്‍നിന്നൊരാള്‍ പ്രസിഡന്റാകണമെന്ന അഭിപ്രായം കെപിസിസിക്കുമുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേതൃത്വം നല്കുന്ന എ ഗ്രൂപ്പ് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസിനെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നത്.
പ്രതിപക്ഷനേതാവിന്റെ പിന്തുണയും ഫില്‍സന്‍ മാത്യൂസിനാണ്. കഴിഞ്ഞ തവണ അവസാന നിമിഷമാണ് ഫില്സനു സ്ഥാനം നഷ്ടമായത്. ഫിലിപ്പ് ജോസഫിന്റെ പേരാണ് ഐ ഗ്രൂപ്പ് മുന്നോട്ടുവയ്ക്കുന്നത്. മുതിര്‍ന്ന അംഗമെന്ന പരിഗണനയും ഫിലിപ്പിന് അനുകൂലമാണ്.
കഴിഞ്ഞ പുനഃസംഘടനയില്‍ ഇടുക്കി ജില്ല ക്രൈസ്തവ വിഭാഗത്തിനു നല്കിയതിനാല് ഇത്തവണ കോട്ടയം ക്രൈസ്തവ വിഭാഗത്തിനു ലഭിക്കുമെന്നാണ് ഐ ഗ്രൂപ്പിന്റെ പ്രതീക്ഷ. കൂടാതെ ഐ ഗ്രൂപ്പിന്റെ കൈയിലുള്ള ആലപ്പുഴ കെ.സി. വേണുഗോപാല്‍ വിഭാഗത്തിനു നല്കി ഐ ഗ്രൂപ്പിനു കോട്ടയം നല്‍കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
വര്‍ഷങ്ങളായി എ ഗ്രൂപ്പ് കൈവശം വച്ചിക്കുന്ന ജില്ല ഇത്തവണ വിട്ടുനല്‍കണമെന്ന നിര്‍ദേശവും ഉയരുന്നുണ്ട്. മുതിര്‍ന്ന നേതാവിനെ പരിഗണിച്ചാല്‍ ജോസഫ് വാഴയ്ക്കന്റെ പേരും പരിഗണിക്കുന്നുണ്ട്. ഡിസിസി വൈസ്പ്രസിഡന്റ് ബിജു പുന്നത്താനം, ഡിസിസി സെക്രട്ടറി അഡ്വ. സിബി ചേനപ്പാടി, യൂജിന്‍ തോമസ്, അജീസ് ബെന്‍ മാത്യൂസ് തുടങ്ങിയവരുടെ പേരുകളും ചര്‍ച്ചകളില്‍ സജീവമാണ്.
അതേസമയം ഇക്കുറി ഒരു തരത്തിലുമുള്ള സമ്മര്‍ദ തന്ത്രങ്ങളും ഗ്രൂപ്പും വിലപ്പോവില്ലെന്നും കഴിവും ആത്മാര്‍ഥതയും സീനിയോരിറ്റിയുമാണ് മാനദണ്ഡമെന്നുമാണ് നേതാക്കള്‍ പറയുന്നത്.