പ്രഫഷണല്‍ സ്റ്റുഡന്റ്സ് സമ്മിറ്റും മുഖ്യമന്ത്രിയുമായി മുഖാമുഖവും
1549293
Saturday, May 10, 2025 12:15 AM IST
കോട്ടയം: സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ, ആരോഗ്യവകുപ്പുകളുടെ നേതൃത്വത്തില്‍ ഗവേഷണ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള പ്രഫഷണല്‍ വിദ്യാര്‍ഥികളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം നാളെ രാവിലെ 10നു മുതല്‍ ഏറ്റുമാനൂരില്‍ നടക്കും.
പ്രഫഷണല്‍ സ്റ്റുഡന്റ്സ് സമ്മിറ്റും മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂര്‍ പട്ടിത്താനം ഗ്രാന്‍ഡ് അരീന കണ്വന്ഷന് സെന്ററാണ് വേദിയാകുന്നത്. സര്‍ക്കാരിന്റെ വിവിധ സംരംഭങ്ങളെക്കുറിച്ച് വിദ്യാര്‍ഥി-ഗവേഷക സമൂഹവുമായി മുഖ്യമന്ത്രി സംവദിക്കും.
സംസ്ഥാനത്ത് വിവിധ പ്രഫഷണല്‍ കോഴ്സുകള്‍ ചെയ്യുന്ന രണ്ടായിരത്തി അഞ്ഞൂറോളം തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് സമ്മിറ്റില്‍ പങ്കാളികളാവുക. രാവിലെ 8.30നു പ്രതിനിധികളുടെ രജിസ്ട്രേഷന്. 10നു സമ്മിറ്റിന് തുടക്കമാവും. മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷയാകും. 10.30ന് മുഖ്യമന്ത്രി പിണറായി വിജയന് സമ്മിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
മന്ത്രി വി.എന്‍. വാസവന്, മന്ത്രി വീണ ജോര്‍ജ് എന്നിവര്‍ മുഖ്യാതിഥികളാവും. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് ഡോ. വി.കെ. രാമചന്ദ്രന്, സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ഡോ. രാജന് ഗുരുക്കള്‍, സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. എം. ജുനൈദ് ബുഷിരി, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. വി.പി. ജഗതിരാജ്, ട്രസ്റ്റ് റിസര്‍ച്ച് പാര്‍ക്ക് ചെയര്മാന് ഡോ. സാബു തോമസ്, അസാപ് കേരള സിഎംഡി ഡോ. ഉഷ ടൈറ്റസ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ കോട്ടയം ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. വര്‍ഗീസ് പി. പുന്നൂസ് തുടങ്ങിയവര്‍ പങ്കെടുക്കും.