യാത്രയ്ക്കിടെ ഡ്രൈവറുടെ കഴുത്തിൽ കത്തിവച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ
1549581
Tuesday, May 13, 2025 5:46 PM IST
മല്ലപ്പള്ളി: സ്വകാര്യ ബസുകളുടെ മത്സരയോട്ടവുമായി ബന്ധപ്പെട്ട തർക്കങ്ങൾ മുറുകുന്നതിടെ കഴിഞ്ഞദിവസം യാത്രയ്ക്കിടെ മല്ലപ്പള്ളിയിൽ ഡ്രൈവറുടെ കഴുത്തില്‍ കത്തിവച്ച സംഭവത്തില്‍ മൂന്നു പേർ അറസ്റ്റില്‍.
കോട്ടയം മാടപ്പള്ളി മാമ്മൂട് ഇടപ്പള്ളി വട്ടമാക്കല്‍ വി. കെ. ജയകുമാര്‍ (46), കല്ലൂപ്പാറ ചെങ്ങരൂര്‍ കടുവാക്കുഴി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി പി. ഉദയരാജ് (29), ആനിക്കാട് നടുകെപ്പടി ആലക്കുളത്തില്‍ വീട്ടില്‍ ജോബിന് രാജന് (24) എന്നിവരാണ് അറസ്റ്റിലായത്.
കേസിൽ ഒരാൾകൂടി അറസ്റ്റിലാകാനുണ്ട്. തിരുവല്ല - മല്ലപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന തിരുവമ്പാടി ബസിന്റെ ഡ്രൈവര്‍ കുറ്റപ്പുഴ സ്വദേശി വി.കെ. കലേഷി (35) നു നേരെയാണ് കഴിഞ്ഞദിവസം മല്ലപ്പള്ളി കടുവാക്കുഴിയിൽ യാത്രയ്ക്കിടെ ആക്രമണമുണ്ടായത്.
മല്ലപ്പള്ളിയിലേക്കുള്ള യാത്രയ്ക്കിടെ ഡ്രൈവർ സീറ്റിലായിരുന്ന കലേഷിനെ കൊലപ്പെടുത്തുമെന്ന് പറഞ്ഞ് കഴുത്തിനുനേരെ വടിവാള്‍ വീശുകയായിരുന്നു.
ഒഴിഞ്ഞുമാറിയതിനാല്‍ കഴുത്തില്‍ കൊണ്ടില്ല. നാലംഗ സംഘം ബസിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഭീഷണി മുഴക്കുകയും ചെയ്തു. സംഭവസമയം സ്ത്രീകളും കുട്ടികളും അടക്കം ബസിൽ യാത്രക്കാരുണ്ടായിരുന്നു.
തിരുവല്ല - മല്ലപ്പള്ളി റൂട്ടിലെ തിരുവന്പാടി എന്ന സ്വകാര്യ ബസിലാണ് അക്രമങ്ങൾ അരങ്ങേറിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ കൂടി പുറത്തായതോടെ പോലീസ് ഇടപെടുകയായിരുന്നു. കലേഷിന്റെ മൊഴി പ്രകാരം പോലീസ് കേസെടുത്തു.
ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന ജാനകി ബസുകാരുമായുള്ള തർക്കമാണ് ആക്രമണത്തിനു പ്രേരിപ്പിച്ചതെന്ന് പറയുന്നു. ജാനകി ബസിലെ ജീവനക്കാരനായ രമേശന്റെ സുഹൃത്തുക്കളാണ് പിടിയിലായവരെന്നു പോലീസ് പറഞ്ഞു.