വൈക്കം പുളിഞ്ചുവട്ടിൽ വീട് കത്തിനശിച്ചു
1549491
Saturday, May 10, 2025 7:08 AM IST
വൈക്കം: പുളിഞ്ചുവട്ടിൽ നാലാംഗ കുടുംബം താമസിച്ചിരുന്ന വീട് കത്തി നശിച്ചു. പുളിഞ്ചുവട് തോട്ടുപുറത്ത് ചെല്ലപ്പന്റെ വീടാണ് കത്തി നശിച്ചത്. ചെല്ലപ്പനും കുടുംബവും താമസിച്ചുവന്നിരുന്ന ആസ്ബറ്റോസ് ഷീറ്റുകൊണ്ട് നിർമിച്ചിരുന്ന വീടാണ് പൂർണമായി കത്തി നശിച്ചത്.
ഇന്നലെ രാവിലെ 10.30നായായിരുന്നു സംഭവം.
വീടിനു തീപിടിക്കുമ്പോൾ ചെല്ലപ്പന്റെ മകൻ ഉണ്ണികൃഷ്ണൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പെട്ടെന്ന് തീ പടരുന്നതുകണ്ട് ഉണ്ണികൃഷ്ണൻ വീട്ടിൽനിന്ന് പുറത്തേക്ക് ഓടിയതിനാൽ ആളപായം ഉണ്ടായില്ല.
തീ ആളികത്തുന്നതുകണ്ട് തൊഴിലുറപ്പ് ജോലിക്കായി പോയിരുന്ന അമ്മ ഓടിയെത്തി. തുടർന്ന് അടുത്തുള്ള നാട്ടുകാരെ അറിയിക്കുകയും ഇവർ ഫയർഫോഴ്സിൽ വിവരം അറിയിച്ച് ഫയർഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്.
ഇതിനകംതന്നെ വീട് പൂർണമായി കത്തി നശിച്ചിരുന്നു. കുടുംബാംഗങ്ങളുടെ ആധാർ, റേഷൻ കാർഡ്, വിദ്യാഭ്യാസ രേഖകൾ തുടങ്ങി പ്രധാനപ്പെട്ട എല്ലാ രേഖകളും ആധാരവും ഉൾപ്പെടെ കത്തി നശിച്ചു. ചെല്ലപ്പനും ഇളയ മകനും ഈ സമയം സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്ന് കരുതുന്നു.
വർഷങ്ങളായി കഴിയുന്ന വീടിനോട് ചേർന്ന് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ വീടിന്റെ നിർമാണം നടന്നു വരുന്നതിനിടയിലാണ് താമസിച്ചുകൊണ്ടിരിക്കുന്ന വീട് ഇപ്പോൾ കുടുംബത്തിന് പൂർണമായി നഷ്ടപ്പെട്ടത്. വർഷങ്ങളായി താമസിച്ചുവന്നിരുന്ന വീട് നഷ്ടപ്പെട്ടതോടെ നിർധന കുടുംബം ദുരിതത്തിലായി.