മൂന്നിലവ് കട്ടിക്കയം അരുവിയിൽ ഗാലറിയും വാക്ക് വേയും ഉദ്ഘാടനം ചെയ്തു
1549503
Tuesday, May 13, 2025 5:02 PM IST
മൂന്നിലവ്: പഞ്ചായത്തിലെ പ്രധാന ടൂറിസം കേന്ദ്രമായ കട്ടിക്കയം അരുവിയിലേക്ക് എത്തുന്ന നടപ്പാലത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബർ ഷോൺ ജോർജ് നിർവഹിച്ചു. മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ചാർളി ഐസക് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പത്തുലക്ഷം രൂപ അനുവദിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്.
വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാൻ എത്തിച്ചേരുന്ന വിനോദസഞ്ചാരികൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായിരുന്നു. ഇതിന് പരിഹാരമായാണ് വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായി വെള്ളച്ചാട്ടം കാണാൻ കഴിയുന്ന രീതിയിൽ പ്രദേശത്തേക്ക് എത്തിച്ചേരാൻ നടപ്പാലം നിർമിച്ചിരിക്കുന്നത്.
സമാനമായ രീതിയിൽ മാർമല അരുവിയിലും ഇലവീഴാപൂഞ്ചിറയിലും ടൂറിസം വികസനത്തിനായി കൂടുതൽ തുക അനുവദിച്ചിട്ടുണ്ട്. പൂഞ്ഞാർ ഡിവിഷനിലെ പ്രകൃതിമനോഹരമായ ടൂറിസം കേന്ദ്രങ്ങളുടെ നവീകരണത്തിനായി ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു.