ഉദയനാപുരം പഞ്ചായത്തിൽ രണ്ട് ആരോഗ്യക്ഷേമ കേന്ദ്രങ്ങൾകൂടി ആരംഭിക്കുന്നു
1549681
Tuesday, May 13, 2025 7:06 PM IST
ഉദയനാപുരം: പഞ്ചായത്തിൽ രണ്ട് ആരോഗ്യക്ഷേമ കേന്ദ്രങ്ങൾകൂടി ഒരുങ്ങുന്നു. ഉദയനാപുരം ആറാം വാർഡിലെ വൈക്കപ്രയാർ ഈസ്റ്റിലും ഒൻപതാം വാർഡിലെ ചെട്ടിമംഗലത്തുമാണ് സെന്ററുകൾ നിർമിക്കുന്നത്.
വൈക്കപ്രയാർ ഈസ്റ്റിലെ സെന്റർ നിർമാണം പൂർത്തിയായി. ചെട്ടിമംഗലത്തേതിന്റെ പെയിന്റിംഗ് ജോലികൾകൂടി തീരാനുണ്ട്. ആരോഗ്യ ഗ്രാന്റ് ഫണ്ടിൽനിന്നുള്ള 27.75 ലക്ഷം രൂപയാണ് ഓരോ സബ് സെന്ററിനും അനുവദിച്ചത്.
1,190 ചതുരശ്ര അടിയിൽ അഞ്ചര സെന്റ് സ്ഥലത്താണ് നിർമാണം. ലാബ്, കൺസൾട്ടേഷൻ മുറി, കുത്തിവയ്പ് , വെൽനസ് റൂം, വസ്ത്രം മാറാനുള്ള മുറി, മുലയൂട്ടൽ കേന്ദ്രം, ശൗചാലയം എന്നീ സൗകര്യങ്ങളെല്ലാം സെന്ററുകളിൽ ഒരുക്കിയിട്ടുണ്ട്. ആഴ്ചയിൽ ഒരു ദിവസം ഡോക്ടറുടെ സേവനവും ബാക്കി ദിവസങ്ങളിൽ പബ്ലിക് ഹെൽത്ത് നഴ്സ്, സ്റ്റാഫ് നഴ്സ് എന്നിവരുടെ സേവനവും ഉണ്ടാവും.
കുഞ്ഞുങ്ങൾക്കുള്ള കുത്തിവയ്പ് ഉൾപ്പെടെ ജനങ്ങൾക്ക് പ്രാഥമിക ചികിത്സ തൊട്ടടുത്ത് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വെൽനസ് സെന്ററുകൾ നിർമിച്ചിരിക്കുന്നത്. ആകെ നാല് വെൽനസ് സെന്ററുകളാണ് ഉദയനാപുരം പഞ്ചായത്തിലുള്ളത്.
പ്രദേശവാസികൾക്ക് പ്രാഥമിക ചികിത്സ വീടിനു സമീപം ലഭ്യമാക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി പറഞ്ഞു.