സഹായ പദ്ധതികള്‍ ഫയലില്‍; പശുവും ആടും കൂടൊഴിയുന്നു
1545447
Friday, April 25, 2025 11:53 PM IST
കോട്ടയം: ജില്ലയിലെ മൃഗപരിപാലന മേഖല തകര്‍ച്ചയിലേക്കെന്ന് കണക്കുകള്‍. 2019ല്‍ 81,074 പശുക്കളുണ്ടായിരുന്ന ജില്ലയില്‍ ഇന്ന് ഗോക്കളുടെ എണ്ണം 50,495. 2019ല്‍ 94,968 ആടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ 46,078. മൃഗസംരക്ഷണത്തിനായി കോടികള്‍ വകയിരുത്തുന്ന സാഹചര്യത്തിലാണ് കന്നുകാലികളുടെ ഗണ്യമായ കുറവ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയും മൃഗപരിപാലന പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കെയാണ് എണ്ണത്തിലെ കുറവ്. പ്രഖ്യാപനങ്ങളേറെയും ഫയല്‍ക്കെട്ടില്‍ ഒതുങ്ങിയതാണ് ഇടിവിന് കാരണമെന്ന് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു. പശുവിനെയും ആടിനെയും വളര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് യാതൊരു സഹായവും സര്‍ക്കാരോ മൃഗവകുപ്പോ ചെയ്യുന്നില്ലെന്നും ഇവര്‍ പറയുന്നു.
കോടിക്കണക്കിന് രൂപ വിവിധ പദ്ധതികള്‍ക്കായി വകയിരുത്തി മേന്മ പറയുന്നതല്ലാതെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. കാലിത്തീറ്റ, പരിപാലന ചെലവ്, മരുന്നുവില എന്നു തുടങ്ങി അനുദിനചെലവ് വര്‍ധിക്കുന്നതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സഹായം എവിടേക്കാണ് ചോര്‍ന്നു പോകുന്നതെന്നു പരിശോധിക്കണമെന്ന് ക്ഷീരകര്‍ഷകര്‍ ആവശ്യപ്പെടുന്നു.