അക്ഷരനഗരിയെ വർണാഭമാക്കി സാംസ്കാരിക ഘോഷയാത്ര
1545103
Friday, April 25, 2025 12:08 AM IST
കോട്ടയം: വിവിധ കലാരൂപങ്ങളുടെ അകന്പടിയോടെ എന്റെ കേരളം പ്രദർശന -വിപണന മേളയുടെ സാംസ്കാരിക ഘോഷയാത്ര നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ ദീപശിഖ ജില്ലസ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾക്ക് കൈമാറി. ജില്ല സ്പോർട്സ് കൗൺസിൽ അംഗം വി. രാജേഷ് ദീപശിഖയേന്തി ഘോഷയാത്ര നയിച്ചു. കേരളത്തനിമയും പൈതൃകവും വിളിച്ചോതുംവിധം വർണാഭമായ ഘോഷയാത്രയിൽ ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, ഹരിതകർമ സേനാംഗങ്ങൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരുടെ പങ്കാളിത്തമുണ്ടായിരുന്നു. 33 സർക്കാർ വകുപ്പുകളിൽനിന്നുമുള്ള ജീവനക്കാർ വിവിധ നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയിൽ പങ്കെടുത്തു.
ശിങ്കാരിമേളവും ബാൻഡ് മേളവും ചെണ്ടമേളവും നഗര വീഥികളിൽ ശബ്ദ വിസ്മയം തീർത്തു. കളരിപ്പയറ്റ്, വാദ്യമേളം, മുത്തുക്കുടകൾ, കാവടി എന്നിവ ഘോഷയാത്രയ്ക്ക് ചാരുത പകർന്നു. കുട്ടികളുടെ റോളർ സ്കെയ്റ്റിങ് ഘോഷയാത്രയുടെ പ്രധാന ആകർഷണമായി. ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ബ്ലോക്കുകളും ഘോഷയാത്രയുടെ ഭാഗമായി. ഉച്ചകഴിഞ്ഞു മൂന്നിന് തിരുനക്കര മൈതാനത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര നാലോടെ നാഗമ്പടം മൈതാനത്ത് അവസാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ചങ്ങനാശേരി നഗരസഭ അധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ഹൈമി ബോബി, പി.ആർ. അനുപമ, മഞ്ജു സുജിത്ത്, പി.എം. മാത്യു, നിർമല ജിമ്മി, ജെസി ഷാജൻ, രാജേഷ് വാളിപ്ലാക്കൽ, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.വി. സുനിൽ, തദ്ദേശസ്വയംഭരണ ഡയറക്ടർ ബിനു ജോൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവർ നേതൃത്വം നൽകി.