കാഴ്ചകളുടെ ആഘോഷമായി എന്റെ കേരളം പ്രദര്‍ശനം
1545448
Friday, April 25, 2025 11:53 PM IST
കോട്ടയം: സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ കണ്ടറിഞ്ഞും ഒപ്പം കളിച്ചും ചിരിച്ചും സെല്‍ഫി പോയിന്റുകളില്‍ ക്ലിക്കിയും ആഘോഷത്തിന്റെയും കാഴ്ചാനുഭവങ്ങളുടെയും അരങ്ങും അനുഭവവുമായി നാഗമ്പടം മൈതാനത്ത് എന്റെ കേരളം പ്രദര്‍ശന മേള .
മേളയുടെ രണ്ടാം ദിവസമായ ഇന്നലെ പ്രദര്‍ശന വിപണന സ്റ്റാളുകളിലും മെഗാഭക്ഷ്യമേളയിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കായിക വകുപ്പ് ഒരുക്കിയ പവലിയനില്‍ മുഴുവന്‍ സമയവും കുട്ടികള്‍ കളിച്ചു തിമിര്‍ത്തു. ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ വെഡിംഗ് ഫോട്ടോ പോയിന്റിലും വെര്‍ച്വല്‍ ബീച്ചിലും ഫോട്ടോ എടുത്ത് മുതിര്‍ന്നവരും മേള ആഘോഷമാക്കി.
ഇന്നലെ രാവിലെ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സംഗമവും ചര്‍ച്ചയും നടന്നു. ഉച്ചകഴിഞ്ഞ് നടന്ന ഭിന്നശേഷി കലാകാരന്മാരുടെ സംഗമം മേളയുടെ ആകര്‍ഷണമായി. 30 വരെ നടക്കുന്ന മേളയിലേക്കുള്ള പ്രദര്‍ശനം സൗജന്യമാണ്.
ആധാര്‍ അടക്കമുള്ള ഓണ്‍ലൈന്‍
സേവനങ്ങള്‍ സൗജന്യം
മേളയിലെ ഐടി മിഷന് സ്റ്റാളില്‍ എല്ലാ സര്‍ക്കാര്‍ ഓണ്‍ലൈന്‍ സേവനങ്ങളും സൗജന്യമായി ലഭ്യമാക്കും. ഐടി മിഷനും കോട്ടയം അക്ഷയ ജില്ലാ പ്രോജക്റ്റും ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന സ്റ്റാളില്‍ പുതിയ ആധാര്‍ എടുക്കല്‍, പഴയ ആധാര്‍ പുതുക്കല്‍, 10 വര്‍ഷം പൂര്‍ത്തിയാക്കിയ ആധാര്‍ പുതുക്കല്‍ തുടങ്ങി എല്ലാ ആധാര്‍ സേവനങ്ങളും ലഭ്യമാണ്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആധാര്‍ എടുക്കാനുള്ള അവസരവുമുണ്ട്.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കെ - സ്മാര്‍ട്ട് സേവനങ്ങള്‍, റേഷന്‍ കാര്‍ഡ്, ഭക്ഷ്യ സുരക്ഷ, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ജനന മരണ രജിസ്ട്രേഷന് തുടങ്ങി എല്ലാ സര്‍ക്കാര്‍ ഓണ്‍ലൈന്‍ സേവനങ്ങളും ഇവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കാനുള്ള അവസരവും സ്റ്റാളില്‍നിന്ന് ലഭിക്കും.
നാവിനു രുചിപകര്‍ന്നു ഭക്ഷ്യമേള;
സൂപ്പര്‍ ഹിറ്റായി വനസുന്ദരി ചിക്കന്‍
നാവിനും മനസിനും രുചി പകര്‍ന്ന് കുടുംബശ്രീയുടെ മെഗാ ഭക്ഷ്യമേള. എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ആരംഭിച്ച മെഗാ ഭക്ഷ്യമേളയില്‍ വന്‍ ജനപങ്കാളിത്തമാണുള്ളത്. വ്യത്യസ്തമാര്‍ന്ന വിഭവങ്ങളാല്‍ സമൃദ്ധമായ മേളയില്‍ കോട്ടയത്തിന്റെ സ്വന്തം കപ്പയും ബീഫും ഇടുക്കിക്കാരുടെ സ്വന്തം ഏഷ്യാഡും താരങ്ങളാണ്. കോഴിക്കോടന്‍ വിഭവങ്ങളും ഇവിടെയിടം പിടിച്ചിട്ടുണ്ട്. ഒരേ സമയം ഇരുനൂറോളംപേര്ക്ക് ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഫുഡ് കോര്‍ട്ട് സജ്ജീകരിച്ചിരിക്കുന്നത്. 10 സ്റ്റാളുകളിലായി വിവിധതരം പായസങ്ങള്‍, സ്നാക്സുകള്‍, ബിരിയാണികള്‍, ചിക്കന്‍ വിഭവങ്ങള്‍ എന്നിവയും ലഭ്യമാണ്.
കുടുംബശ്രീ ഒരുക്കിയിരിക്കുന്ന ഭക്ഷ്യമേളയിലാണ് ഇത്തവണയും കാടിറങ്ങി വനസുന്ദരി ചിക്കൻ എത്തിയത്. രുചി മാത്രമല്ല വനസുന്ദരിയുടെ സവിശേഷത, ആരോഗ്യപരമായ ഗുണങ്ങളുമാണ്. പച്ചക്കുരുമുളകും കാന്താരിയും മല്ലിയും പുതിനയും കാട്ടുജീരകവും ചില പച്ചിലകളും ചേര്‍ത്തരച്ച കൂട്ടിലേക്ക് വേവിച്ച ചിക്കന്‍ ചേര്‍ത്ത് കല്ലില്‍ വച്ച് പൊള്ളിച്ച് ചതച്ചെടുത്താല്‍ വനസുന്ദരി തയാര്‍. കുടുംബശ്രീയുടെ വന്‍ ഹിറ്റായ വനസുന്ദരി മേളയില്‍ എത്തുന്നവരുടെ നാവിനെ കീഴടക്കുകയാണ്.
കാണാം കളിമണ്‍പാത്രനിര്‍മാണം
കളിമണ്ണ് എങ്ങനെയിത്ര കമനീയ രൂപങ്ങളായി മാറുന്നുവെന്ന് ആലോചിച്ചിട്ടുണ്ടോ? കളിമണ്ണുകൊണ്ട് നിലവിളക്കുള്പ്പെടെ കൗതുക രൂപങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ രൂപപ്പെടുത്തിയെടുക്കുന്നത് കണ്ടുനില്ക്കാന് രസമാണ്. സ്വന്തം കൈകള്‍കൊണ്ട് ഇവ ഉണ്ടാക്കി നോക്കാനുള്ള അവസരംകൂടി കിട്ടിയാലോ?
എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി ടൂറിസത്തിന്റെ പവലിയനിലാണ് ഇതിനായി അവസരം ഒരുക്കിയിരിക്കുന്നത്. പാരമ്പര്യ കളിമണ്‍പാത്രനിര്‍മാണ തൊഴിലാളിയായ വൈക്കം തോട്ടകം രാജേഷ് ഇണ്ടംതിരുത്തിലാണ് കാണികള്‍ക്കായി നിര്‍മാണം പരിചയപ്പെടുത്തുന്നത്. കളിമണ്‍ വിളക്ക്, ചട്ടി, ഫ്ളവര്‍ ബോട്ടില്‍, കൂജ, പാത്രങ്ങള്‍ എന്നിവ ഉണ്ടാക്കിയതും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ആഘോഷ പരിപാടികള്‍
ഇന്ന് ഒഴിവാക്കും
കോട്ടയം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാരച്ചടങ്ങുകള്‍ നടക്കുന്ന ഇന്ന് അദ്ദേഹത്തോടുള്ള ആദരസൂചകമായുള്ള ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഇന്നത്തെ എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലെ കലാപരിപാടികളും സംഗമങ്ങളും ഒഴിവാക്കി. ഇന്നു നടത്താനിരുന്ന സൂരജ് സന്തോഷ് ലൈവ് ബാന്‍ഡ് സമാപന ദിവസമായ 30ന് രാത്രി 7.30 ന് നടക്കും. പ്രദര്‍ശന-വിപണനമേളയും ഭക്ഷ്യമേളയും ഉണ്ടായിരിക്കും.