കണമലയിൽ അപകടമൊഴിയണം; 10 കോടിയുടെ പദ്ധതി പോരാ
1545120
Friday, April 25, 2025 12:09 AM IST
കണമല: പത്ത് കോടി ചെലവിട്ട് എരുമേലി - കണമല റോഡ് ഉടനെ നവീകരിക്കുന്നതിനുള്ള പദ്ധതിയിൽ കണമല ഇറക്കത്തിലെ അപകട സാധ്യതകൾ പൂർണമായി പരിഹരിക്കുന്ന പദ്ധതി പ്രത്യേകമായി തയാറാക്കി നടപ്പിലാക്കണമെന്ന് ആവശ്യം. കണമല ഇറക്കത്തിനായി പ്രത്യേകമായി പദ്ധതി വേണമെന്നാണ് ആവശ്യം.
അല്ലാത്ത പക്ഷം എരുമേലി മുതൽ കണമല വരെ നീളുന്ന റോഡ് നവീകരണ പ്രവൃത്തിയിൽ കണമല ഇറക്കത്തിലെ സുരക്ഷാ പ്രവൃത്തികൾക്ക് വേണ്ടത്ര ഫണ്ടും പ്രാധാന്യവുമില്ലാതെയാകുമെന്നും ഇറക്കം വീണ്ടും പഴയപടി സ്ഥിരം അപകട മേഖലയായി തുടരുമെന്നും നാട്ടുകാർ പറയുന്നു.
എരുമേലി - കണമല റോഡിൽ കരിങ്കല്ലുമുഴി കയറ്റം, എംഇഎസ് ജംഗ്ഷൻ, എരുത്വാപ്പുഴ എന്നിവിടങ്ങളും അപകട മേഖലകളാണ്.
കണമല ഇറക്കത്തിലെ അപകട കാരണങ്ങൾ ശാസ്ത്രീയമായി പഠനം നടത്തി വിശകലനം ചെയ്ത് പരിഹാരം ഒരുക്കിയുള്ള സുരക്ഷാ പദ്ധതി നടപ്പിലാക്കണമെന്നാണ് ആവശ്യം.
ഇതിനായി മരാമത്ത്, പോലീസ്, റോഡ് സുരക്ഷാ അഥോറിറ്റി ഉൾപ്പടെ വിവിധ സർക്കാർ വകുപ്പുകളിലെ വിദഗ്ധരടങ്ങുന്ന സമിതി രൂപീകരിച്ച് പഠനം നടത്തിയാൽ മികച്ച സുരക്ഷാ പദ്ധതി ഒരുക്കാമെന്ന് നിർദേശമുയരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് എരുമേലി - കണമല റോഡിന് സർക്കാർ പത്ത് കോടി രൂപ അനുവദിച്ചതായി എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചത്. ഇതിന് ദിവസങ്ങൾക്ക് മുമ്പാണ് ശബരിമല തീർഥാടക ബസ് ഇറക്കത്തിൽ മറിഞ്ഞ് ഒരാൾ മരണപ്പെട്ടത്. ഈ വർഷത്തിന്റെ ആദ്യ ദിനമായ പുതുവത്സര ദിനത്തിൽത്തന്നെ ഇവിടെ ബസ് മറിഞ്ഞ് ഒരാൾ മരണപ്പെട്ടത്.
രണ്ട് വർഷത്തിനിടെ
32 അപകടങ്ങൾ
കഴിഞ്ഞ രണ്ട് വർഷത്തിനിടെ കണമല ഇറക്കത്തിലെ അപകടങ്ങളുടെ മാത്രം കണക്കെടുത്താൽ ഞെട്ടിപ്പിക്കുന്നതാണ്. 32 അപകടങ്ങളാണ് രണ്ട് വർഷത്തിനിടെ മാത്രം സംഭവിച്ചത്. മരണപ്പെട്ടവരുടെ എണ്ണം അഞ്ചാണ്.
16 വർഷം മുമ്പ് ശബരിമല തീർഥാടനത്തിന് എളുപ്പമുള്ള പാതയായി എരുമേലി - കണമല റോഡ് പ്രചാരത്തിലായതു മുതലാണ് കണമല ഇറക്കം സ്ഥിരം അപകട മേഖലയായി മാറിയത്. 2009 ഫെബുവരി 17നായിരുന്നു ആദ്യ അപകടം. ആന്ധ്രയിൽനിന്നുള്ള ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് 14 ജീവനാണ് പൊലിഞ്ഞത്. 36 പേർക്ക് പരിക്കേറ്റു. 2010 ജനുവരി 12നുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. ഇതേത്തുടർന്ന് ഐജി ബി. സന്ധ്യയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട അന്വേഷണ കമ്മീഷൻ നടത്തിയ പഠനമാണ് കണമല ഇറക്കത്തിലെ അപകടങ്ങളുടെ കാരണം തേടിയുള്ള ഏക പഠനം.
എന്നാൽ, അന്വേഷണ കമ്മീഷൻ നൽകിയ പഠന റിപ്പോർട്ടിലെ നിർദേശങ്ങൾ ഇതുവരെയും നടപ്പിലായിട്ടില്ല. ഇപ്പോൾ വർഷങ്ങൾ പിന്നിട്ടിട്ടും അപകടങ്ങൾ കൂടുന്നതല്ലാതെ കുറയുന്നില്ല. ഈ സാഹചര്യത്തിൽ കോടികൾ ചെലവിട്ട് റോഡ് നവീകരണം നടത്തുന്നത് അപകടങ്ങൾ ഒഴിവാക്കുന്നതിന് കൂടുതൽ പ്രാധാന്യം നൽകി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.