ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജ്മെന്റ് അധ്യാപക കണ്‍വന്‍ഷനുകള്‍ക്ക് തുടക്കം
1545377
Friday, April 25, 2025 6:53 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജ്മെന്റ് അധ്യാപക കണ്‍വന്‍ഷനുകള്‍ക്കു തുടക്കമാകുന്നു. 110 സ്കൂളുകളിലെ 2,000 അധ്യാപകര്‍ക്ക് ഏഴ് സോണുകളിലായാണു കണ്വന്ഷന് സംഘടിപ്പിച്ചിരിക്കുന്നത്.
ഈശോമിശിഹായുടെ മനുഷ്യാവതാര ജൂബിലിയുടെ പ്രധാന പ്രമേയമായ പ്രത്യാശയുടെ തീര്‍ഥാടകര്‍ എന്നത് സന്ദേശമായി സ്വീകരിക്കുന്ന കണ്‍വന്‍ഷനുകളില്‍ കാലത്തിന്റെ മാറ്റങ്ങള്‍ക്കൊത്ത് വിദ്യാഭ്യാസരംഗത്ത് നിര്‍ണായക ശക്തിയാകുന്നതിനുള്ള പരിശീലനങ്ങളും പ്രത്യാശയുടെ തീര്‍ഥാടകരായി മാറുവാന്‍ അധ്യാപകരെ പ്രചോദിപ്പിക്കുന്ന ക്ലാസുകളും വിദ്യാഭ്യാസ സംബന്ധമായ ചര്‍ച്ചകളും നടക്കും. വിദ്യാഭ്യാസ മേഖലയിലെ പ്രഗത്ഭര്‍ ക്ലാസുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കും.
25ന് എടത്വാ സോണില്‍ ആരംഭിച്ച് മേയ് 6നു ചമ്പക്കുളം സോണില്‍ അവസാനിക്കുന്ന ഏഴു സോണല്‍ കണ്‍വന്‍ഷനുകളിലും ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സന്ദേശം നല്‍കും.
അതിരൂപത വികാരി ജനറാള്‍മാര്‍ സന്നിഹിതരാകും. ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജ്മെന്റും ടീച്ചേഴ്സ് ഗില്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന കണ്‍വന്‍ഷന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോര്‍പറേറ്റ് മാനേജര്‍ റവ.ഡോ. ആന്റണി മൂലയില്‍, അസിസ്റ്റന്റ് മാനേജര്‍ റവ.ഡോ. ടോണി ചെത്തിപ്പുഴ, ടീച്ചേഴ്സ് ഗില്‍ഡ് പ്രസിഡന്റ് ഈശോ തോമസ്, ഗില്‍ഡ് ഭാരവാഹികള്‍എന്നിവര്‍ അറിയിച്ചു.
അമൃതം ലഹരിവിരുദ്ധ പദ്ധതി
ലഹരിക്കെതിരേ സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ശക്തമായ പോരാട്ടത്തിന് കണ്‍വന്‍ഷനില്‍ തുടക്കം കുറിക്കും. ലഹരിക്കെതിരേ ജീവന്റെ സംസ്കാരത്തിനായി വിദ്യാര്‍ഥികളെ അണിചേര്‍ത്ത്, സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പരിപാടികളോടു ചേര്‍ന്ന് ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജ്മെന്റ് 110 വിദ്യാലയങ്ങളില്‍ 2025-26 അക്കാദമിക വര്‍ഷത്തില്‍ അമൃതം എന്ന പേരിലാണ് ലഹരിവിരുദ്ധ കാമ്പയിന് സംഘടിപ്പിക്കുന്നത്.
കുട്ടികള്‍ക്കു വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, കൗണ്‍സലിംഗ്, പിടിഎയോട് ചേര്‍ന്ന് ലഹരിവിരുദ്ധ മുന്നേറ്റങ്ങള്‍, ജാഗ്രതാ സെല്ലുകള്‍ തുടങ്ങിയവ അമൃതം പദ്ധതിയില്‍ ഉണ്ടായിരിക്കുമെന്ന് കോര്‍പറേറ്റ് മാനേജര്‍ ഫാ. ആന്റണി മൂലയില്‍ അറിയിച്ചു.