മുണ്ടക്കയം ടൗണിൽ യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി
1545124
Friday, April 25, 2025 12:09 AM IST
മുണ്ടക്കയം: പട്ടാപ്പകൽ മുണ്ടക്കയം ടൗണിൽ യുവാക്കൾ ചേരിതിരിഞ്ഞ് തമ്മിലടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു സംഭവം.
എക്സൈസ് റോഡിൽനിന്ന് ആരംഭിച്ച തമ്മിലടി ദേശീയപാതയിൽ കൂട്ടിക്കൽ ജംഗ്ഷൻ വരെയെത്തി. വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കമാണെന്നും ലഹരി വസ്തു കൈമാറ്റം ചെയ്തത് ചോദ്യം ചെയ്തതിനുള്ള തർക്കമാണെന്നും പറയപ്പെടുന്നു. ഇതിനിടയിൽ ചില ആളുകൾ വന്ന് ഇവരെ പിന്തിരിപ്പിക്കാനും ശ്രമിച്ചു.
പട്ടാപ്പകൽ നടുറോട്ടിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയതോടെ വാഹനഗതാഗതം പൂർണമായും നിലച്ചു.
അരമണിക്കൂറിൽ അധികം നേരം മുണ്ടക്കയം ടൗൺ പൂർണമായും ഗതാഗതക്കുരുക്കിലമർന്നു. ടൗണിന്റെ നടുവിൽ യുവാക്കൾ കൂട്ടം ചേർന്ന് തമ്മിലടിച്ചിട്ടും പോലീസ് ഇവിടെ എത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു. ഹോംഗാർഡിന്റെ സേവനം പോലും ഗുണ്ടാവിളയാട്ട നേരത്ത് ടൗണിൽ ഉണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്.