രാമപുരം പഞ്ചായത്ത് ലൈഫ് ഭവന പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനത്തിലേക്ക്
1545406
Friday, April 25, 2025 10:42 PM IST
രാമപുരം: ലൈഫ് ട്വന്റി-ട്വന്റി ഭവനപദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തിനു രാമപുരം പഞ്ചായത്ത് സജ്ജമായി. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭൂമിയുള്ള എല്ലാവര്ക്കും ഭവനം നല്‍കുക വഴി പദ്ധതി പൂര്‍ത്തീകരണത്തിന് പഞ്ചായത്ത് തലത്തില്‍ തയാറെടുപ്പുകള്‍ തുടങ്ങി. 286 പേരുടെ ലിസ്റ്റില്‍നിന്ന് അര്‍ഹരായ എല്ലാവര്ക്കും ഭവനം അനുവദിച്ചു കൊണ്ടാണ് ലൈഫ് ട്വന്റി-ട്വന്റി പൂര്‍ത്തീകരണ പ്രഖ്യാപനത്തിനു പഞ്ചായത്ത് സജ്ജമായത്.
ജില്ലയില്‍ ലൈഫ് ട്വന്റി-ട്വന്റി വഴി ഭവനം ഏറ്റവും കൂടുതല്‍ അനുവദിച്ചിട്ടുള്ളതില്‍ രണ്ടാം സ്ഥാനത്താണ് രാമപുരം പഞ്ചായത്ത്. പദ്ധതി വഴി മാത്രം 340 വീടുകളാണ് നാളിതുവരെ പഞ്ചായത്തിലെ ഭവനരഹിതര്‍ക്കായി അനുവദിച്ചിട്ടുള്ളത്. പ്രസിഡന്റ് ലിസമ്മ മത്തച്ചന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നടത്തുന്ന കൃത്യമായ ഇടപെടലിന്റെ ഫലമായി ലഭ്യമായ ഫണ്ടുകളെല്ലാം വളരെ കാര്യക്ഷമമായി വിനിയോഗിച്ചതിന്റെ ഫലമായാണ് പദ്ധതി പൂര്‍ത്തീകരണത്തിന് ശരവേഗം സാധ്യമായത്.
കോട്ടയം ജില്ലയിലെ ഏറ്റവും വിസ്തീര്‍ണമേറിയ പഞ്ചായത്തുകളില്‍ ഒന്നായിട്ടും കെട്ടിട നികുതി പിരിവിലും പദ്ധതി നിര്‍വഹണത്തിലും 92 ശതമാനത്തിൽ എത്താനായി എന്നത് ഭരണസമിതിക്ക് ലഭിച്ച മറ്റൊരു അംഗീകാരമാണ്. വരും വര്‍ഷത്തേക്ക് 14 കോടിയുടെ പദ്ധതികള്‍ക്ക് സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ അംഗീകാരം വാങ്ങിയ രാമപുരം പഞ്ചായത്ത് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് എംസിഎഫ്, ടേക്ക് എ ബ്രേക്ക് (പ്രീമിയം) എന്നിവയും പ്രവര്‍ത്തനസജ്ജമാക്കി നാടിനു സമര്‍പ്പിച്ചിരിക്കുകയാണ്.
പദ്ധതി ആനുകൂല്യം അതിന്റെ യഥാര്‍ഥ അവകാശികളിലേക്കു സമയബന്ധിതമായി എത്തിക്കുക എന്ന വെല്ലുവിളി സന്തോഷത്തോടെ ഏറ്റെടുത്തുകൊണ്ട് രാമപുരത്തെ രാജപുരമാക്കി മാറ്റുന്ന തിരക്കിലാണ് രാമപുരത്തെ ജനപ്രതിനിധികള്‍.