പരിഭ്രാന്തി പരത്തി കളക്ടറേറ്റില്‍ ബോംബ് ഭീഷണി
1545104
Friday, April 25, 2025 12:08 AM IST
കോട്ടയം: പരിഭ്രാന്തി പരത്തി കളക്ടറേറ്റില്‍ ബോംബ് ഭീഷണി. ഇന്നലെ ഉച്ചയോടെ കളക്ടറുടെ മെയിലിലേക്കാണ് ഭീഷണിസന്ദേശം ലഭിച്ചത്.
രണ്ടിനു ബോംബ് സ്ഫോടനം ഉണ്ടാകുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോട്ടയത്തെ വിവിധ പരിപാടികള്‍ നടക്കുന്നതിനിടയാണ് വ്യാജ സന്ദേശം. ഭീഷണി ലഭിച്ചതിനെത്തുടര്‍ന്ന് ജീവനക്കാരെയും വിവിധ ആവശ്യങ്ങള്‍ക്കായി കളക്ടറേറ്റില്‍ എത്തിയവരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തിറക്കി.
ബോംബ് കണ്ടെത്താന്‍ വിദഗ്ധ പരിശീലനം നേടിയ നായ്കളെ ഉപയോഗിച്ചു പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് എല്ലാവര്ക്കും ഓഫീസില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. കോട്ടയം കൂടാതെ പാലക്കാട്, കൊല്ലം കളക്ടറേറ്റുകളിലും സമാനമായ ബോംബ് ഭീഷണി സന്ദേശം ലഭിച്ചു.