കുറവിലങ്ങാട് പള്ളിയിൽ പുറത്ത് നമസ്കാരവും പുതുഞായർ ആചരണവും
1545129
Friday, April 25, 2025 12:09 AM IST
കുറവിലങ്ങാട്: ആഗോളമരിയൻ തീർഥാടന കേന്ദ്രമായ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥാടന പള്ളിയിൽ 26ന് പുറത്ത് നമസ്കാരം നടക്കും. പുതുഞായർ ആചരണത്തിന്റെ ഭാഗമായാണ് പുറത്ത് നമസ്കാരം.
പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട് ഉയർത്തിനാട്ടിയ ഒറ്റക്കൽകുരിശിന് മുന്നിലാണ് പുറത്ത് നമസ്കാരം. പുതുഞായറിന്റെ തലേദിനമായ 26ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, മുത്തിയമ്മയുടെ നൊവേന, ജപമാലപ്രദക്ഷിണം. തുടർന്ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരിയുടെ കാർമികത്വത്തിൽ പുറത്തുനമസ്കാരം നടക്കും. അസി. വികാരി ഫാ. തോമസ് താന്നിമലയിൽ സന്ദേശം നൽകും.
പുതുഞായറാചരണത്തിനൊപ്പം വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളാഘോഷവും നടത്തും. 27ന് രാവിലെ 5.30, 7.00, 8.45, 11.00 എന്നീസമയങ്ങളിൽ വിശുദ്ധ കുർബാന. അഞ്ചിന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരിയുടെ കാർമികത്വത്തിൽ തിരുനാൾ കുർബാന. തുടർന്ന് പ്രദക്ഷിണം.
ഫ്രാൻസിസ് മാർപാപ്പായുടെ മരണത്തോടനുബന്ധിച്ച് ദുഃഖാചരണം നടക്കുന്നതിനാൽ ആഘോഷങ്ങളൊഴിവാക്കിയാണ് തിരുനാൾ ആചരണം.