അരുവിത്തുറ വല്യച്ചൻ എഴുന്നള്ളി; അനുഗ്രഹനിറവിൽ വിശ്വാസികൾ
1545099
Friday, April 25, 2025 12:08 AM IST
അരുവിത്തുറ: വിശുദ്ധ ഗീവർഗീസ് സഹദായുടെ അനുഗ്രഹംതേടി വിശ്വാസികളുടെ തിരക്കേറി. ആഘോഷങ്ങളും മേളങ്ങളും മാറ്റിനിർത്തി തിരുക്കർമങ്ങൾ മാത്രമായി നടത്തിയ തിരുനാളിൽ രാവിലെ മുതൽ പള്ളിയും പരിസരവും വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു. ആയിരങ്ങളാണ് വല്യച്ചന്റെ അനുഗ്രഹംതേടി തിരുക്കർമങ്ങളിലും പ്രദക്ഷിണത്തിലും പങ്കെടുത്തത്.
രാവിലെ 10ന് സീറോമലബാർ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ റാസ അർപ്പിച്ച് സന്ദേശം നൽകി. കാലം ചെയ്ത പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വി. പത്രോസിന്റെ ബസിലിക്കയിൽ ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം ആദാരഞ്ജലി അർപ്പിക്കുന്ന വേളയിൽ അദ്ദേഹത്തിന്റെ ആത്മശാന്തിക്കായും പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിൽ ഉൾപ്പെട്ടവരെ ആത്മാവിൽ നിറയ്ക്കാനും ഈ ബലിയിൽ പങ്കെടുക്കുന്ന എല്ലാവരും പ്രാർഥിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
റാസയ്ക്കു ശേഷം ആചാരങ്ങളോടെ വി. ഗീവർഗീസ് സഹദായുടെയും മറ്റ് വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ സംവഹിച്ച് പള്ളിക്ക് ചുറ്റും നടത്തിയ പ്രദക്ഷിണം ഭക്തിയാദര, വിശ്വാസ നിർഭരമായി. ജപമാല സമർപ്പിച്ച് നടത്തിയ പ്രദക്ഷിണത്തിൽ ആയിരങ്ങളാണ് പങ്കുചേർന്നത്. മുത്തുക്കുടകളും ആലവട്ടവും വെഞ്ചാമരവും പള്ളിമണിനാദങ്ങളും പ്രദക്ഷിണത്തിന് അകമ്പടിയേകി.
ഇന്ന് ഏപ്രിൽ 25ന് ഇടവകക്കാരുടെ തിരുനാൾ. രാവിലെ 5.30നും 6.45നും എട്ടിനും 9.15നും 10.30നും 12നും 1.30 നും 2.45നും വിശുദ്ധ കുർബാന, നൊവേന. 4.30ന് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ വി. കുർബാന അർപ്പിക്കും. ഏഴിന് വി. ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം അൾത്താരയിൽ പുനഃപ്രതിഷ്ഠിക്കും.
നാളെ രാവിലെ 5.30നും 6.30നും 7.30നും 10.30നും വൈകുന്നേരം നാലിനും നൊവേന. 28, 29, 30 തീയതികളിൽ രാവിലെ 5.30നും 6.30നും 7.30നും 10.30നും നാലിനും വൈകുന്നേരം ഏഴിനും വിശുദ്ധ കുർബാന, നൊവേന. എട്ടാമിടമായ മേയ് ഒന്നിന് തിരുനാൾ സമാപിക്കും. രാവിലെ 5.30, 6.45, 8.00, 10.30, 12.00, 1.30, 2.45, 6.30 സമയങ്ങളിൽ വിശുദ്ധ കുർബാന, നൊവേന. നാലിന് ഷംഷാബാദ് രൂപത സഹായ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ വി. കുർബാന അർപ്പിക്കും.
മേയ് രണ്ട് മരിച്ചവരുടെ ഓർമ ദിനം, സെമിത്തേരി സന്ദർശനം. രാവിലെ 5.30നും 6.30നും എട്ടിനും ഒന്പതിനും 10.30നും 12നും 2.30നും നാലിനും വിശുദ്ധ കുർബാന.