ഫ്രാന്‍സിസ് മാര്‍പാപ്പ മൂന്നാം ക്രിസ്തു: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
1545126
Friday, April 25, 2025 12:09 AM IST
പാലാ: രണ്ടാം ക്രിസ്തു എന്ന് ചരിത്രത്തില്‍ അറിയപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസിന്റെ നാമം സ്വീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ ചരിത്രം മൂന്നാം ക്രിസ്തു എന്ന് വിശേഷിപ്പിക്കുമെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ ഇന്നലെ നടന്ന അനുസ്മരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്. ഫ്രാന്‍സിസ് പാപ്പാ നിര്‍വചനങ്ങള്‍ക്ക് അതീതമായി സമാനതകളില്ലാത്ത നേതൃത്വ മികവിലൂടെ ഒരായുസ് മുഴുവന്‍ സുവിശേഷത്തിന്റെ മൂല്യങ്ങളെ ലോകത്തിന് പകര്‍ന്നുതന്ന വിശ്വപൗരനാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തെ മുഴുവന്‍ പ്രകാശിപ്പിക്കുന്ന വെളിച്ചമായിരുന്ന അദ്ദേഹം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നമ്മുടെ ചിന്താമണ്ഡലത്തെ നിരന്തരം സ്വാധീനിച്ച വ്യക്തിയാണെന്നും അനുസ്മരണ സന്ദേശത്തില്‍ ബിഷപ് വിശ്വാസികളെ ഓര്‍മിപ്പിച്ചു.
അനുസ്മരണയോഗത്തിലും പ്രാര്‍ഥനാ ശുശ്രൂഷയിലും പാലാ രൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലും രൂപതയിലെ എല്ലാ വൈദികരും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും കത്തീഡ്രല്‍ ഇടവകാംഗങ്ങളും പങ്കെടുത്തു.
മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ സ്വാഗതം പറഞ്ഞു.എംഎസ്ടി ഡയറക്ടര്‍ ജനറാള്‍ റവ.ഡോ. വിന്‍സെന്റ് ജോസഫ് കദളികാട്ടില്പുത്തന്പുര, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കല്‍, കത്തീഡ്രല്‍ പള്ളി വികാരി റവ.ഡോ. ജോസ് കാക്കല്ലില്‍, രൂപത പ്രൊക്യുറേറ്റര്‍ റവ.ഡോ. ജോസഫ് മുത്തനാട്ട് എന്നിവര്‍ നേതൃത്വം നല്കി. രൂപത ചാന്‍സലര്‍ റവ. ഡോ. ജോസഫ് കുറ്റിയാങ്കല്‍ നന്ദി പറഞ്ഞു.