സമഗ്ര മേഖലയിലും കേരളത്തിന് വലിയ മുന്നേറ്റം: മന്ത്രി വി.എന്‍. വാസവന്
1545102
Friday, April 25, 2025 12:08 AM IST
കോട്ടയം: സമഗ്ര മേഖലയിലുമുണ്ടായ കേരളത്തിന്റെ നേട്ടങ്ങൾ രാജ്യത്തിനാകെ മാതൃകയാണെന്ന് മന്ത്രി വി.എന്‍. വാസവന്. രണ്ടാം പിണറായി വിജയന് മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദര്‍ശന-വിപണനമേളയുടെയും ഉദ്ഘാടനം നാഗമ്പടം മൈതാനത്തു നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎൽഎ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ്, സബ് കളക്ടര്‍ ഡി. രഞ്ജിത്ത്, കൃഷ്ണകുമാരി രാജശേഖരൻ, മുകേഷ് കെ. മണി, പി.വി. സുനില്‍, അജയന് കെ. മേനോന്, ജോസ് പുത്തന്‍കാലാ, മഞ്ജു സുജിത്, പി.എം. മാത്യു, പി.ആർ. അനുപമ, ഹൈമി ബോബി, നിർമല ജിമ്മി എന്നിവര്‍ പങ്കെടുത്തു.
മേളയില്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളുടെയും 186 സ്റ്റാളുകളാണുള്ളത്. 45,000 ചതുരശ്ര അടി ശീതീകരിച്ച പവലിയന് ഉള്‍പ്പെടെ 69,000 ചതുരശ്ര അടിയിലാണ് പ്രദര്‍ശന വിപണനമേള നടക്കുന്നത്. എല്ലാദിവസവും രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെയാണ് മേള. പ്രവേശനം സൗജന്യം.
കാഴ്ചകളുടെ വിസ്മയമൊരുക്കി പവിലിയനുകൾ
കോട്ടയം: എന്റെ കേരളം പ്രദർശന വിപണനമേളയിൽ വൈവിധ്യമാർന്ന ഏഴ് പവിലിയനുകൾ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളാ കുന്നു.
ക്ഷേമ പെൻഷൻ മുതൽ ലൈഫ് മിഷൻ പദ്ധതി വരെ സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കിയിട്ടുള്ള പദ്ധതികളേപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ ജനങ്ങളിൽ എത്തിച്ചുകൊണ്ടാണ് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയാറാക്കിയ എന്റെ കേരളം തീം പവലിയൻ ക്രമീകരിച്ചിരിക്കുന്നത്. എന്റെ കേരളം മാഗസിൻ കവർ സ്റ്റാറായി തിളങ്ങാനുള്ള അവസരവും ഇവിടെ കാണിക്കളെ കാത്തിരിക്കുന്നു. പിണറായി വിജയൻ സർക്കാർ ഭരണകാലത്തെ പ്രധാനപ്പെട്ട നിമിഷങ്ങൾ കോർത്തിണക്കിക്കൊണ്ട് സജ്ജീകരിച്ചിട്ടുള്ള ഫോട്ടോവോളും പ്രധാന ആകർഷണമാണ്. സർക്കാർ ധനസഹായ പദ്ധതികളേപ്പറ്റി വിശദീകരിക്കുന്ന പുസ്തകത്തിന്റെ സൗജന്യ വിതരണവും പവിലിയനിൽ ഉണ്ട്.
കേരള സ്റ്റാർട്ടപ്പ് മിഷൻ പവലിയനിൽ നിര്‍മിത ബുദ്ധി, ഓഗ്മെന്റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, ഡ്രോണ്‍, റോബോട്ടിക്സ്, ഐഒടി തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രദര്‍ശനമാണ് നടത്തുന്നത്. ഫിറ്റ്നസ് സോണും ഹെൽത്ത് സോണുമാണ് പ്രധാനമായും കായിക വകുപ്പിന്റെ പവലിയനിൽ ഒരുക്കിയിരിക്കുന്നത്.
ഒരു വെള്ളച്ചാട്ടത്തിലൂടെ കടന്നുപോകുന്ന അനുഭൂതി പകർന്നു നൽകുന്നതാണ് 17 അടി പൊക്കത്തിൽ നിർമിച്ചിരിക്കുന്ന കിഫ്ബി പവിലിയൻ. കിഫ്ബി ഫണ്ട് ചെയ്തിരിക്കുന്ന പ്രോജക്ടുകളുടെ ദൃശ്യാവിഷ് കാരമാണ് ഈ തുരങ്കമാതൃകയിൽ സൃഷ്ടിച്ചിരിക്കുന്ന പവിലിയനിൽ ഒരുക്കിയിരിക്കുന്നത്. ടൂറിസം-പൊതുമരാമത്ത് വകുപ്പുകളുടെ പവലിയൻ സന്ദർശിക്കുന്ന ഏവർക്കും വ്യത്യസ്തമായ അനുഭവം പകർന്നു നൽകുന്നതാണ് വികസനപാലം. ടൂറിസം വകുപ്പിൽ നിന്ന് പൊതുമരാമത്ത് വകുപ്പിന്റെ പ്രദർശനത്തിലേക്ക് ജനങ്ങൾക്ക് ഈ പാലത്തിലൂടെ നടന്നു കയറാം.
കൃഷിവകുപ്പിന്റെ ഫാമുകളിൽ ഉത്പാദിപ്പിക്കുന്ന കേരളഗ്രോ ബ്രാൻഡ് ഉത്പന്നങ്ങളുടെ വമ്പിച്ച ശേഖരമാണ് കൃഷിവകുപ്പിന്റെ പവലിയനിയിൽ ഒരുങ്ങിയിരിക്കുന്നത്.
എക്കാലവും ചലച്ചിത്ര ആസ്വാദകരുടെ മനസിൽ നിറഞ്ഞ് നിൽക്കുന്ന ഒരു പിടി നല്ല സിനിമകളുമായി മിനി തിയറ്ററും മേളയുടെ ഭാഗമായി ഒരുങ്ങിക്കഴിഞ്ഞു.