കീഴൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ചെറിയപാന
1545387
Friday, April 25, 2025 7:03 AM IST
കടുത്തുരുത്തി: കീഴൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ചെറിയപാന നടന്നു. ഇന്നുച്ചയ്ക്ക് കീഴൂരില്‍ വലിയപാന നടക്കും. ദേവി ദാരികാ നിഗ്രഹത്തിന് പടയാളികളോടൊപ്പം പുറപ്പെടുകയും കര്‍മനിര്‍വഹണം പൂര്‍ത്തിയാക്കുകയും ചെയ്യുന്നതിന്റെ അനുസ്മരണമാണ് വലിയപാന. ദാരികനെ തേടിപ്പോകുന്ന സങ്കല്പപ്രകാരം പാനക്കാരുടെ (പടയാളികള്‍) ഉടുത്തുകെട്ട് വെള്ളനിറത്തിലുള്ളത് കീഴൂരിന്റെ മാത്രം പ്രത്യേകതയാണ്. ക്ഷേത്രത്തിനടുത്തുള്ള പാനക്കണ്ടത്തിലാണ് പാന തുള്ളല്‍ നടക്കുന്നത്. പാനക്കുറ്റിയും പിടിച്ചാണ് പാനക്കാര്‍ ദാരികനെ തേടിപ്പോകുന്നത്.
പത്താമുദയം നാളില്‍ രാത്രി ഭദ്രകാളിയമ്പലത്തില് നടന്ന അരിയേറോടുകൂടിയാണ് പാനചടങ്ങുകള് തുടങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് പാനക്കഞ്ഞി കുടിച്ചശേഷമാണ് പടയാളികള്‍ ചെറിയപാനയ്ക്ക് പുറപ്പെട്ടത്. പാനപ്പുരയില്‍ നടന്ന ചടങ്ങില്‍ പാനയാചാര്യന് കാരിക്കുന്നത്ത് ഇല്ലം കെ.ഡി. പത്മനാഭന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പാനക്കാരുടെ ആയുധമായ പാനക്കുറ്റി പൂജിച്ചു നല്‍കിയതോടെയാണ് ചെറിയപാന ആരംഭിച്ചത്.
ക്ഷേത്രത്തെ വലംവച്ചശേഷമാണ് പാനക്കാര്‍ പാനതുള്ളാന് പാനക്കണ്ടത്തിലേക്കു പോയത്. വൈകൂന്നേരം നടന്ന ഇളംപാനയോടെ ചെറിയപാനയുടെ ചടങ്ങുകള്‍ അവസാനിച്ചു. ഇന്നു രാവിലെ 6.30 മുതല്‍ വിവിധ കരകളില്‍നിന്ന് കുംഭകുടം, താലപ്പൊലി ഘോഷയാത്രകള്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. 12ന് ഉച്ചപൂജയ്ക്കുശേഷം വലിയപാന കഞ്ഞി വിളമ്പും.
12.30 മുതല്‍ വലിയപാന തുടങ്ങും. വൈകൂന്നേരം 4.30 ന് ഇളംപാനയും തുടര്‍ന്ന് ഒറ്റത്തൂക്കവും രാത്രി ഏഴിന് കൈകൊട്ടിക്കളി, എട്ടിന് തിരുവാതിര, 12ന് ഗരുഡന്‍തൂക്കവും ഉണ്ടാകും. നാളെ രാവിലെ 11ന് നടക്കുന്ന കുരുതിയോടെയാണ് പാനയുടെ ചടങ്ങുകള്‍ സമാപിക്കുന്നത്.