പഴയ പോലല്ല; കോട്ടയത്തിപ്പോള്‍ കാണാനേറെയുണ്ട്...
1545444
Friday, April 25, 2025 11:53 PM IST
കോട്ടയം: കോട്ടയത്ത് എന്നാ കാണാനുള്ളത് എന്നു ചോദിച്ചിരുന്ന കാലം പോയി. കുമരകവും വൈക്കവും ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ മേഖലയും ഇല്ലിക്കല്‍ക്കല്ലും ഇലവീഴാപൂഞ്ചിറയും വാഗമണ്‍ മലനിരകളും ഉള്‍പ്പെടുന്ന കിഴക്കന്‍ മേഖലയും ഇന്ന് വിദേശികളടക്കമുള്ള ടൂറിസ്റ്റുകളുടെ പ്രധാന ഡെസ്റ്റിനേഷനുകളാണ്.
ഇതിനൊപ്പം മലരിക്കല്‍ ആമ്പല്‍വസന്തം പോലെ മനസു കീഴടക്കുന്ന സീസണല്‍ ടൂറിസവും ഗ്രാമപ്രദേശങ്ങളില്‍ തളിരിടുന്ന ഗ്രാമീണ ടൂറിസവും എല്ലാം ചേര്‍ന്ന് വിനോദ സഞ്ചാര ഭൂപടത്തില്‍ ജില്ലയെ അടയാളപ്പെടുത്തിക്കഴിഞ്ഞു.
എല്ലാ വര്‍ഷവും ആയിരക്കണക്കിന് സഞ്ചാരികളാണ് ജില്ലയിലേക്ക് എത്തുന്നത്. ജില്ലയിലെ ടൂറിസം വികസനത്തിനായി സര്‍ക്കാര്‍ ഒന്‍പത് വര്‍ഷത്തിനുള്ളില്‍ ചെലവാക്കിയത് 139.24 കോടി രൂപയാണ്. ജില്ലയിലെ കര, കായല്‍, മല എന്നീ മേഖലകളിലെ ടൂറിസം സാധ്യതകള്‍ വളരെ വിപുലമായിട്ടാണ് സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുന്നത്. കുമരകത്ത് ആരംഭിച്ച വലിയമട വാട്ടര്‍ ഫ്രണ്ട് പദ്ധതി ജില്ലയുടെ ഗ്രാമീണ ടൂറിസം മേഖലയുടെ മുഖമുദ്രയായി മാറിക്കഴിഞ്ഞു.
ഗ്രാമീണ ടൂറിസം വികസനത്തിന്റെ ഭാഗമായി മറവന്തുരുത്ത് പഞ്ചായത്തിലെ തുരുത്തുമ്മ തൂക്കു പാലത്തില്‍ ഫ്ളോട്ടിംഗ് ബോട്ട് ജെട്ടിയുടെ നിര്‍മാണവും പൂര്‍ത്തിയാക്കി. കാടുകൾ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി മിയാവാക്കി പദ്ധതിയും നടപ്പിലാക്കി.
നാലുമണിക്കാറ്റിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 8.55 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്.
ചീപ്പുങ്കല്‍ കുമരകം ഡെസ്റ്റിനേഷന്‍ വികസനം, കായല്‍ ടൂറിസം മേഖലയിലെ ശൗചാലയ മാലിന്യ സംസ്കരണത്തിന് ഉപയോഗിക്കുന്ന സീവേജ് ബാര്‍ജിന്റെ നിര്‍മാണം എന്നിവയും പൂര്‍ത്തീകരിച്ചു. ഇല്ലിക്കല്‍ക്കല്ലിലെ നടപ്പാതയുടെയും കൈവരിയുടെയും നിര്‍മാണത്തിനായി 50 ലക്ഷം രൂപയാണ് മുടക്കിയത്.
കോടിമത ബോട്ട് ജെട്ടിയോടനുബന്ധിച്ചുള്ള നടപ്പാതയുടെ അറ്റകുറ്റപ്പണികള്‍ക്കായി 91 ലക്ഷം രൂപയും മുടക്കി. വേങ്ങത്താനം വെള്ളച്ചാട്ടത്തിലെ സുരക്ഷാവേലി നിര്‍മാണത്തിനും സൗന്ദര്യവത്കരണത്തിനുമായി 28 ലക്ഷം രൂപയാണ് ചെലവാക്കിയത്. മനയ്ക്കചിറ ടൂറിസം പ്രോജക്ടിലൂടെ ചങ്ങനാശേരിയും ടൂറിസം മാപ്പിലെത്തി . ചങ്ങനാശേരി ബോട്ട് ടെര്‍മിനലിന്റെ സൗന്ദര്യവത്കരണത്തിനായി 99.70 ലക്ഷം രൂപയാണ് മുതല്‍മുടക്കിയത്.
കുമരകം ഗോങ്ങിണിക്കരി വ്യു പോയിന്റിന്റെ സൗന്ദര്യവത്കരണത്തിനും അടിസ്ഥാന സൗകര്യവികസനത്തിനുമായി 75 ലക്ഷവും മുടക്കി. കുമരകത്തെ ബോട്ടിംഗ് സൗകര്യങ്ങളുടെ അടിസ്ഥാന വികസനത്തിന്റെ ഭാഗമായി ജലാശയങ്ങള്‍ പുനരുദ്ധരിച്ചു. കവണാറ്റിന്‍കരയിലെ ടൂറിസ്റ്റ് കേന്ദ്രം, വാട്ടര്‍ സ്കേപ്പ് എന്നിവ നവീകരിച്ചു. എഴുമാന്തുരുത്ത്, ആപ്പാഞ്ചിറ കനാല്‍ ടൂറിസം സാധ്യതകൾ വിപുലീകരിക്കുന്നതിനായി 50 ലക്ഷം രൂപ വീതവും സര്‍ക്കാര്‍ ചെലവഴിച്ചു.