ഇങ്ങനെപോയാൽ കോണത്താറ്റു പാലം എന്നു ഗതാഗത യോഗ്യമാകും?
1545378
Friday, April 25, 2025 6:53 AM IST
നിർമാണത്തിനായി വളച്ചിട്ട ഇരുമ്പുകമ്പികൾ കാണാനില്ല
കുമരകം: നിർമാണം നടന്നുകൊണ്ടിരിക്കുന്ന കോണത്താറ്റ് പാലത്തിന്റെ പ്രവേശന പാതയുടെ ഇരുമ്പുകമ്പികൾ കാണാതായി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് 1881 കിലോ ഇരുമ്പു കമ്പികൾ കാണാതായത്. കമ്പി മോഷണം പോയതായി കാണിച്ചു കരാറുകാരായ പെരുമാലിൽ കൺസ്ട്രക്ഷൻസിന്റെ ഉടമ അലക്സ് കുമരകം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഗർഡർ നിർമാണത്തിനു വളച്ചിട്ട കമ്പികളാണ് കാണാതായതിലേറെയുമെന്ന് പെരുമാലിൽ അലക്സ് പറഞ്ഞു. പാലത്തിന്റെ പടിഞ്ഞാറെ കരയിൽനിന്നാണ് കമ്പി കാണാതായത്. ഇതിനുമുമ്പും ഇവിടെനിന്നും കമ്പി മോഷണം പോയിട്ടുണ്ടെങ്കിലും കള്ളനെ പിടികൂടാനായിട്ടില്ല. അപ്രോച്ച് റോഡിനുള്ള സ്പാനിന്റെ മുകളിൽ സ്ഥാപിക്കാനുള്ള ഗർഡറിന്റെയും മുകളിലൂടെയുള്ള പാതയുടെയും നിർമാണമാണ് ഇപ്പോൾ നടക്കുന്നത്.
കമ്പി മോഷണം പോയതായി പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചതായും കുമരകം എസ്എച്ച്ഒ കെ. ഷിജി അറിയിച്ചു.