മെഡിക്കൽ കോളജിൽ ട്രോളിയും വീൽചെയറുമില്ല; അവശരോഗികൾക്ക് ഒപിയിൽ എത്താനാവുന്നില്ല
1545380
Friday, April 25, 2025 6:53 AM IST
ഗാന്ധിനഗർ: നടക്കാൻ വയ്യാതെ വാഹനങ്ങളിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ഒപി വിഭാഗത്തിൽ പ്രവേശിക്കുന്നതിന് ട്രോളി, വീൽചെയർ എന്നിവയുടെ അഭാവം നേരിടുന്നതായി പരാതി. എല്ലാ ദിവസവും മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒപി പ്രവർത്തിക്കുന്നുണ്ട്. അവശതയിലുള്ള നിരവധി രോഗികളെയാണ് ദിവസേന ആംബുലൻസിലും മറ്റു വാഹനങ്ങളിലും ഒപി വിഭാഗത്തിൽ കൊണ്ടുവരുന്നത്.
ഒപി കവാടം വരെ വാഹനങ്ങളെത്തുമെങ്കിലും ഡോക്ടറുടെയടുത്ത് ഇവരെ എത്തിക്കണമെങ്കിൽ ട്രോളിയോ വീൽചെയറോ വേണം. എന്നാൽ, ആശുപത്രിയിൽ എത്തുന്ന രോഗികളെ ഒപിയിൽ എത്തിക്കുന്നതിന് ട്രോളിയുടെയും വീൽചെയറിന്റെയും അഭാവം നേരിടുന്നതായാണ് പരാതി ഉയർന്നിട്ടുണ്ട്. ആദ്യമെത്തുന്ന രോഗികൾ അവരുടെ ആവശ്യത്തിന് ട്രോളിയും വീൽചെയറും കൊണ്ടുപോകും. വൈകിയെത്തുന്ന രോഗികൾ ട്രോളിയും വീൽചെയറും കിട്ടാതെ വാഹനങ്ങളിൽ കിടക്കേണ്ടിവരുന്നത് നിത്യസംഭവമായിരിക്കുകയാണ്.
കഴിഞ്ഞദിവസം പത്തനംതിട്ടയിൽനിന്നും സൈക്കാട്രി വിഭാഗം ഒപിയിലെത്തിയ രോഗിയെ മറ്റൊരു വിഭാഗത്തിലും കൂടി കാണിക്കേണ്ടിയിരുന്നു. അവശനിലയിലുള്ള രോഗിയായതിനാൽ വീൽചെയറിന് രോഗിയുടെ ബന്ധു ട്രോളിയും വീൽചെയറും വിതണം ചെയ്യുന്ന കുടുംബശ്രീ ജീവനക്കാരുടെ അടുത്തെത്തി പറഞ്ഞിട്ട് ഒരു മണിക്കൂർ കഴിഞ്ഞിട്ടും വീൽചെയർ കിട്ടിയില്ല. പ്രകോപിതയായ ബന്ധു പ്രതിഷേധിക്കുകയും ആശുപത്രി അധികൃതർക്കു പരാതി നൽകുമെന്നും പറഞ്ഞു. ഇതുപോലെ നിരവധി പരാതികളാണ് ദിവസേന ഉണ്ടാകുന്നത്.
20ലധികം ട്രോളിയും വീൽചെയറുമാണ് ഒപിയിൽ രോഗികൾക്കായുള്ളത്. ഇതിൽ പലതും തകരാറിലാണെന്നു പറയുന്നു. ദിവസവും നിരവധി രോഗികളെത്തുന്ന മെഡിക്കൽ കോളജ് ഒപിയിൽ ട്രോളി, വീൽ ചെയർ എന്നിവയുടെ കുറവ് രോഗികൾക്ക് ബുദ്ധിമുട്ടാകുകയാണ്. കൂടുതൽ ട്രോളിയും വീൽ ചെയറും ലഭ്യമാക്കി കഷ്ടപ്പാടിന് അറുതിവരുത്തണമെന്നാണ് രോഗികളുടെയും ബന്ധുക്കളുടെയും ആവശ്യം.