കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിനിടെ പഴയ കിണര്‍ കണ്ടെത്തി
1545391
Friday, April 25, 2025 7:03 AM IST
ചങ്ങനാശേരി: കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പഴയ കിണര്‍ കണ്ടെത്തി. ഇന്നലെ രാവിലെ സ്റ്റാന്‍ഡിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ കോണ്‍ക്രീറ്റ് ജെസിബി ഉപയോഗിച്ച് പൊളിച്ചു മാറ്റുന്നതിനിടെയാണ് ജോലിക്കാര്‍ കിണര്‍ കണ്ടത്. തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു പരിശോധന നടത്തി.
സ്വകാര്യ വ്യക്തികളുടെ പക്കല്‍നിന്നു സ്ഥലം വാങ്ങിയാണ് ഇവിടെ സ്റ്റാന്‍ഡ് നിര്‍മിച്ചത്. മുന്‍പ് ഇവിടെ താമസിച്ചിരുന്ന വീട്ടുകാരുടെ കിണറാണെന്നാണ് സൂചന ലഭിക്കുന്നത്. കിണര്‍ അതേപടി സംരക്ഷിച്ച നിലയില്‍ കണ്ടെത്തി.
സുരക്ഷ കണക്കിലെടുത്ത് കിണര്‍ മണ്ണിട്ടുമൂടി നിര്‍മാണ പ്രവര്‍ത്തനം തുടരുമെന്ന് നിര്‍മാണ കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി അധികൃതര്‍ പറഞ്ഞു. കോണ്‍ക്രീറ്റിനടിയില്‍ കിണര്‍ കണ്ടെത്തിയത് കാഴ്ചക്കാരില്‍ കൗതുകമുണത്തി.