ഫ്രാന്‍സിസ് പാപ്പാ നൽകിയ സമ്മാനങ്ങള്‍ നിധിപോലെ സൂക്ഷിച്ച് പി.യു. തോമസ്
1545100
Friday, April 25, 2025 12:08 AM IST
കോട്ടയം: ആര്‍പ്പൂക്കര നവജീവന്‍ കേന്ദ്രമന്ദിരത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആശിര്‍വദിച്ചു സമ്മാനിച്ച മെഡലും കോട്ടും സര്‍ട്ടിഫിക്കറ്റും അതിപൂജ്യമായി സൂക്ഷിക്കുകയാണ് മാനേജിംഗ് ട്രസ്റ്റി പി.യു. തോമസ്. അഗതികള്‍ക്ക് അഭയവും അനേകര്‍ക്ക് അന്നവും അനാഥര്‍ക്ക് അശ്വാസവും പകരുന്ന പി.യു. തോമസിന് തികച്ചും യോഗ്യന്‍ എന്ന ബഹുമതിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സമ്മാനിച്ചത്.
2014 നവംബര്‍ 24ന് ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ വത്തിക്കാനിലെത്തിയപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണാന്‍ കഴിഞ്ഞതും നവജീവന്‍ ട്രസ്റ്റ് നടത്തുന്ന ജീവകാരുണ്യ വിവരങ്ങളടങ്ങിയ ആല്‍ബം കൈമാറാന്‍ സാധിച്ചതും പി.യു. തോമസിന് വലിയ അഭിമാനം പകര്‍ന്ന നിമിഷമാണ്. നവജീവന്റെ പ്രവര്‍ത്തനങ്ങള്‍ അറിഞ്ഞ മാര്‍പാപ്പ പി.യു. തോമസിനുള്ള ആദരം ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പായിരുന്ന മാര്‍ ജോസഫ് പെരുന്തോട്ടത്തിന് അയച്ചുകൊടുത്തു.
എടത്വയില്‍ നടന്ന ഒരു ചടങ്ങില്‍ മാര്‍പാപ്പ അയച്ചുകൊടുത്ത കോട്ടും മെഡലും സര്‍ട്ടിഫിക്കറ്റും തോമസിന് കൈമാറി. തനിക്ക് ലഭിച്ച ആദരം പി.യു. തോമസും നവജീവന്‍ പ്രവര്‍ത്തകരും നിധിപോലെ സൂക്ഷിക്കുകയാണ്. മഞ്ഞയും വെള്ളയും കലര്‍ന്ന പേപ്പല്‍ റിബണില്‍ പതിച്ച കാശുരൂപവും ചുവപ്പുനിറമുള്ള കോട്ടും ഇറ്റാലിയന്‍ ഭാഷയിലുള്ള അനുഗ്രഹപത്രവും നവജീവനു ലഭിച്ച ഏറ്റവും വലിയ ആദരവായിരുന്നു.