വാരിശേരിയില്‍ മൂന്നു കടകളില്‍ മോഷണം
1545376
Friday, April 25, 2025 6:53 AM IST
കോട്ടയം: വാരിശേരിയില്‍ മൂന്നു കടകളില്‍ മോഷണം. വാരിശേരി കവലയില്‍ പ്രവര്‍ത്തിക്കുന്ന കൈലാസം ഹോട്ടല്‍, എ ഫോര്‍ അങ്ങാടി പലചരക്ക് കട, സമീപത്തുള്ള കോഴിക്കട എന്നിവിടങ്ങളിലാണ് ബുധനാഴ്ച രാത്രിയില്‍ മോഷണം നടന്നത്.
ഇന്നലെ പുലര്‍ച്ചെ ഹോട്ടല്‍ തുറക്കാനെത്തിയ ഹോട്ടല്‍ ജീവനക്കാരാണു മോഷണ വിവരമറിയുന്നത്. കൈലാസം ഹോട്ടലിലാണ് മോഷ്ടാവ് ആദ്യം കയറിയത്. ഹോട്ടലിന്റെ പിന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ കള്ളന് മേശയില്‍ ഉണ്ടായിരുന്ന 7000 രൂപ മോഷ്ടിച്ചു. ഹോട്ടലും പലചരക്ക് കടയും ഒരു കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
രണ്ടു കടകളും തമ്മില്‍ വേര്‍തിരിക്കുന്ന ഭിത്തിയുടെ ഒരു ഭാഗം ഗ്ലാസാണ്. ഈ ഗ്ലാസ് തകര്‍ത്താണ് പലചരക്ക് കടയ്ക്കുള്ളില്‍ മോഷ്ടാവ് കയറിയത്. ഹോട്ടലിലെ കുക്കര്‍ ഉപയോഗിച്ചാണ് ഗ്ലാസ് തകര്‍ത്തത്. പലചരക്ക് കടയില്‍നിന്ന് 600 രൂപയും മോഷ്ടിച്ചു. പൊട്ടിയ ക്ലാസിന് ഇടയിലുടെ കയറിയ കള്ളനു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹോട്ടലില്‍ മോഷ്ടാവിന്റെ രക്തത്തുള്ളികളും വീണുകിടപ്പുണ്ട്.
പലചരക്ക് കടയിലെ മോഷണത്തിനുശേഷം പൊട്ടിയ ഗ്ലാസിന്റെ ഇടയിലൂടെ തന്നെ കള്ളന് ഹോട്ടലിലേക്കു തിരികെയെത്തി പുറകുവശം വഴി പോവുകയും ചെയ്തു. ഈ കടകളില്‍നിന്ന് അലപം മാറിയാണ് കോഴിക്കടയുള്ളത്. ഇവിടെ കയറിയ മോഷ്ടാവിനു പണമൊന്നും ലഭിച്ചില്ല. ഇവിടത്തെ സാധനങ്ങള്‍ വാരിവലിച്ചിടുകയും സിസിടിവി കാമറ പിടിച്ചു തിരിച്ചുവയ്ക്കുകയും കൗണ്ടര്‍ നശിപ്പിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു അന്വേഷണം ആരംഭിച്ചു.
ചുങ്കം, വാരിശേരി, എസ്എച്ച് മൗണ്ട് പ്രദേശങ്ങളില്‍ നടക്കുന്ന മോഷണത്തില്‍ വ്യാപാരകള്‍ക്ക് വന്‍തോതില്‍ നഷ്ടം സംഭവിക്കുന്നുവെന്ന് വ്യാപാരി വ്യവസായി സമിതി. പ്രതിയെ പിടികൂടുന്നതില്‍ പോലീസ് ഇടപെടണമെന്നും സമിതി ചുങ്കം യൂണിറ്റ് സെക്രട്ടറി ഷാന്‍ കോട്ടയവും പ്രസിഡന്റ് പുഷ്പനാഥും ആവശ്യപ്പെട്ടു.