മുണ്ടക്കയം ടൗണിലെ കൂട്ടത്തല്ല്: പോലീസിനെതിരേ ജനരോഷം ശക്തം
1545443
Friday, April 25, 2025 11:53 PM IST
മുണ്ടക്കയം: ടൗണിലുണ്ടായ കൂട്ടത്തല്ലിൽ പോലീസിനെതിരേ ജനരോഷം ശക്തമാകുന്നു.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് മുണ്ടക്കയം ടൗണിൽ പട്ടാപ്പകൽ നടുറോഡിൽ കൂട്ടത്തല്ല് അരങ്ങേറിയത്. ഇരുപതിലധികം വരുന്ന യുവാക്കൾ ചേരിതിരിഞ്ഞ് പരസ്പരം കൊമ്പുകോർക്കുകയായിരുന്നു. വാഹന പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കമാണെന്നും ലഹരിക്കച്ചവടം ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ സംഘർഷമാണെന്നും പറയപ്പെടുന്നു.
അതേസമയം, മറ്റൊരു സ്ഥലത്തു നടന്ന സംഘർഷത്തിന്റെ ബാക്കി ഭാഗമാണ് മുണ്ടക്കയം ടൗണിൽ അരങ്ങേറിയതെന്നും സംസാരമുണ്ട്. വാഹനം പാര്‍ക്ക് ചെയ്തത് സംബന്ധിച്ചുണ്ടായ തര്‍ക്കം ഡിവൈഎഫ്ഐ മേഖല സെക്രട്ടറി രജീന്ദ്രന്‍ ഇടപെട്ടു പരിഹരിച്ചെന്നും എന്നാല്‍, ഇടപെടല്‍ ഇഷ്ടപ്പെടാതിരുന്നവര്‍ സംഘം ചേര്‍ന്നു രജീന്ദ്രനെ മർദിക്കുകയായിരുന്നുവെന്നും ഡിവൈഎഫ്ഐ ആരോപിക്കുന്നു.
മുക്കാല്‍ മണിക്കൂറോളം നീണ്ടുനിന്ന സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പാതയോരത്തു കൂടി കാല്‍നടയായി എത്തിയ സ്ത്രീകളും കുട്ടികളുമടക്കമുളളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇരുചക്രവാഹനയാത്രക്കാര് പലരും അക്രമിസംഘത്തില്‍നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായവര്‍ വരെ സംഘത്തിലുണ്ടായിരുന്നു.
എന്നാല്‍, സംഭവമറിഞ്ഞ് ഒരു പോലീസുകാരന്‍പോലും തിരിഞ്ഞുനോക്കാതിരുന്നതാണ് വ്യാപാരികളിലും നാട്ടുകാരിലും പോലീസിനെതിരേ പ്രതിഷേധിക്കാനിടയാക്കിയിരിക്കുന്നത്. സംഭവം കഴിഞ്ഞു പോലും സംഭവസ്ഥലം സന്ദര്‍ശിക്കാനോ വിവരം എന്താണന്ന് അന്വേഷിക്കാനോ പോലീസ് തയാറായില്ല. സംഭവം നടക്കുമ്പോള്‍ ഉത്തരവാദിത്വപ്പെട്ട പോലീസ് ഉദ്യാഗസ്ഥരെ പലരും വിളിച്ചെങ്കിലും മൊബൈല്‍ഫോണ്‍ സ്വിച്ച്ഓഫായ നിലയിലായിരുന്നു.
സംഭവത്തിനുശേഷം രാത്രി കഞ്ചാവ് മാഫിയയ്ക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തു വന്നു. ഡിവൈഎഫ്ഐയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചു പേർക്കെതിരേ പോലീസ് കേസെടുത്തു.
ടൗണിലും സമീപ മേഖലയിലും കഴിഞ്ഞ കുറെ നാളുകളായി അക്രമങ്ങളും മോഷണവും വർധിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ മുണ്ടക്കയത്ത് മൂന്ന് വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടന്നിരുന്നു. മുണ്ടക്കയം ടൗണിനോട് ചേർന്നുള്ള സിഡിഎസ് അനുബന്ധ സ്ഥാപനത്തിൽ നടന്ന മോഷണത്തിൽ ഒരു ലക്ഷത്തോളം രൂപ നഷ്ടമായെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞിരുന്നു. സംഭവത്തിലും തുടർനടപടികൾ ഒന്നും ആയിട്ടില്ല.