വൈക്കത്തപ്പന് നാളെ മുക്കുടി നിവേദ്യം സമർപ്പിക്കും
1481775
Sunday, November 24, 2024 7:33 AM IST
വൈക്കം: ഭക്തിയുടെ നിറവിൽ നാളെ വൈക്കത്തപ്പന് മുക്കുടി നിവേദ്യം സമർപ്പിക്കും. വൈക്കത്തഷ്ടമിയുടെ ഭാഗമായി നടത്തുന്ന വിശിഷ്ട ചടങ്ങായ മുക്കുടി നിവേദ്യം കൊടികയറി 14-ാം നാളിൽ ഉച്ചപൂജയുടെ ഭാഗമായ പ്രസന്നപൂജക്കാണ് വൈക്കത്തപ്പന് നിവേദിക്കുന്നത്.
ഉത്സവ സമയത്ത് നിത്യനിദാനം ഉൾപ്പെടെയുള്ള പുജ സംവിധാനങ്ങളിൽ വന്നു ചേരുന്ന ജീർണതയ്ക്ക് പ്രതിവിധിയായി വൈക്കത്തപ്പന് സമർപ്പിക്കുന്ന നിവേദ്യമാണ് മുക്കുടി.
തൃശൂർ വടക്കാഞ്ചേരി കുമരനെല്ലൂർ കൂട്ടൻ ചേരിൽ ശ്രീകുമാർ മൂസതിന്റെ നേതൃത്വത്തിൽ പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഔഷധ സസ്യങ്ങൾ ഉപയോഗിച്ച് ഒരുക്കിയെടുത്ത ഔഷധക്കൂട്ട് ഉത്സവ സമയത്ത് ക്ഷേത്രനടയിൽ സമർപ്പിച്ചിരുന്നു. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ ശുദ്ധമായ മോരിൽ ഔഷധ കൂട്ട് ചേർത്ത് പാകപ്പെടുത്തിയ ശേഷമാണ് വൈക്കത്തപ്പന് നിവേദിക്കുന്നത്.
വൈക്കത്തഷ്ടമി നാളിൽ രണ്ടു ലക്ഷത്തിലധികം ഭക്തർ ക്ഷേത്ര ദർശനം നടത്തിയതായി ദേവസ്വം ഡെപ്പ്യൂട്ടി കമ്മിഷണർ കെ.ആർ.ശ്രീലത അറിയിച്ചു. വൈക്കത്തപ്പന്റെ ഇഷ്ട വഴിപാടായ പ്രാതലിൽ 15000ത്തോളം ഭക്തർ പങ്കെടുത്തു. 70 പൂർത്തിയായവർക്ക് പ്രാതലിൽ പങ്കെടുക്കുവാൻ പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. കൂടുതലായി തയ്യാറാക്കിയ അലങ്കാര പന്തലും ബാരികോഡുകളും ഭക്തർക്ക് സഹായകരമായി.
മന്ത്രി വാസവന്റെ നേതൃത്വത്തിൽ നടത്തിയ അവലോകന യോഗത്തിലെ നിർദേശാനുസരണം വിവിധ വകുപ്പുകളുടെ ഏകോപനം അഷ്ടമി ഉത്സവം ഭംഗിയാക്കുന്നതിന് സഹായകരമായതായി ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ കെ.ആർ. ശ്രീലത അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ എം.ജി.മധു , അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ വി. ഈശ്വരൻ നമ്പൂതിരി എന്നിവർ അറിയിച്ചു.
മുൻ വർഷത്തെ അപേക്ഷിച്ച് കാണിക്കയിലും വർധനവുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും ജില്ലാ ഭരണകൂടത്തിന്റെയുംപോലിസിന്റെയും സേവനം ഏറെ സഹായകരമായി.
ചിട്ടയോടെയുള്ള പ്രവർത്തന മികവ് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പുകളും കലാപരിപാടികളും സമയ ബന്ധിതമായി നടത്തുവാൻ സഹായിച്ചു.