പൂതക്കുഴി-പടപ്പാടി തോട്ടിൽ അറവുമാലിന്യങ്ങൾ തള്ളി
1481645
Sunday, November 24, 2024 5:53 AM IST
കാഞ്ഞിരപ്പള്ളി: പൂതക്കുഴിയിലെ പടപ്പാടി തോട്ടിൽ അറവു മാലിന്യങ്ങൾ തള്ളിയതിനെത്തുടർന്ന് പ്രദേശത്താകെ കടുത്ത ദുർഗന്ധം. ചിറ്റാർപുഴയുടെ കൈത്തോടാണ് പടപ്പാടി തോട്.
ഇറച്ചിക്കടകളിൽ നിന്നുള്ള അവശിഷ്ടങ്ങളാണ് തോട്ടിൽ നിക്ഷേപിച്ചത്. ഒഴുക്ക് ഇടമുറിഞ്ഞ തോട്ടിൽ ഇവ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്.
ഇതുമൂലം കടുത്ത ദുർഗന്ധമാണ് പ്രദേശത്താകെ അനുഭവപ്പെടുന്നത്. നിർമാണ പ്രവർത്തനങ്ങൾക്കായി റോഡ് അടച്ചതോടെ ഇതുവഴി ആൾസഞ്ചാരം കുറവായിരുന്നു. ഇതു മുതലെടുത്താണ് ചെക്ക്ഡാമിനു സമീപം തോട്ടിലേക്കു മാലിന്യങ്ങൾ തള്ളിയത്.
ഇതിനിടെ നിർമാണത്തിനായി താത്കാലികമായി അടച്ച പൂതക്കുഴി-പട്ടിമറ്റം റോഡ് തുറന്ന് വാഹനം കയറ്റിക്കൊണ്ടു പോകുന്ന സംഭവവുമുണ്ടായിട്ടുണ്ട്. ഇരുചക്രവാഹനത്തിലെത്തിയ സംഘമാണ് വിലക്ക് മറികടന്ന് കോൺക്രീറ്റിന് മുകളിലൂടെ വാഹനം കയറ്റിയത്. റോഡിൽ കോൺക്രീറ്റ് നടത്തിയ അന്നു രാത്രിയിൽ തന്നെയാണ് വാഹനം ഇതുവഴി കയറ്റിയിറക്കിയത്.
വാഹനത്തിന്റെ ടയറിന്റെ പാടുകൾ ഇവിടെ കോൺക്രീറ്റിൽ പതിഞ്ഞ നിലയിലാണ്. റോഡിൽ വച്ചിരുന്ന തടസങ്ങൾ നീക്കി വാഹനം കയറ്റിക്കൊണ്ടു പോകുന്നത് സിസിടിവിയിലടക്കം പതിഞ്ഞിട്ടുണ്ട്. സാമൂഹ്യവിരുദ്ധർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.